ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാം ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം.

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്ന ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം. ഡൽഹി (ടെർമിനൽ 3), ബെംഗളൂരു, വാരാണസി വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. അടുത്ത മാർച്ചോടെ ഹൈദരാബാദ്, പുണെ, കൊൽക്കത്ത, വിജയവാഡ വിമാനത്താവളങ്ങളിലും പിന്നാലെ കേരളത്തിലടക്കം രാജ്യവ്യാപകമായും നടപ്പാക്കും. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര യാത്രകൾക്കാണ് നിലവിൽ ഡിജിയാത്ര ഉപയോഗിക്കാനാവുക. 

യാത്രയ്ക്കുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ നൽകിയ ശേഷം മുഖം തിരിച്ചറിയൽ (ഫെയ്സ് റെക്കഗ്‌നിഷൻ) സാങ്കേതികവിദ്യയിലൂടെ യാത്രക്കാർക്കു വിമാനത്താവളത്തിൽ പ്രവേശിക്കാം. വിമാനത്താവളത്തിൽ തിരിച്ചറിയൽ രേഖ കാട്ടേണ്ടതില്ല. പ്രവേശന നടപടിക്രമങ്ങളുടെ സമയം ഇതുവഴി കുറയ്ക്കാം. ദുബായ്, സിംഗപ്പൂർ, അറ്റ്ലാന്റ (യുഎസ്) വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. പദ്ധതിയുടെ നോഡൽ ഏജൻസിയായ ഡിജിയാത്ര ഫൗണ്ടേഷനിൽ കൊച്ചി വിമാനത്താവളത്തിന് (സിയാൽ) ഓഹരിയുണ്ട്. 

മൊബൈൽ ഫോണിൽ ഡിജിയാത്ര ആപ് ഡൗൺലോഡ് ചെയ്യുക. ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകളിൽ ഇതു ലഭ്യം. ആധാർ കാർഡ് വഴി വ്യക്തിവിവരങ്ങൾ ഡിജിയാത്രയിൽ റജിസ്റ്റർ ചെയ്യുക. ഡിജിലോക്കറുമായി ലിങ്ക് ചെയ്തും വിവരങ്ങൾ നൽകാം. തുടർന്ന് സെൽഫിയെടുത്ത് മുഖത്തിന്റെ ചിത്രം ആപ്പിൽ അപ്‌ലോഡ് ചെയ്യുക. പിന്നാലെ, ബോർഡിങ് പാസ് സ്കാൻ ചെയ്യുക.

ഇതുവഴി യാത്രക്കാരന്റെ വിവരങ്ങൾ വിമാനത്താവളത്തിലെ സർവറിലേക്കെത്തും. യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തുമ്പോൾ ഡിജിയാത്രക്കാർക്കുള്ള ‘ഇ ഗേറ്റിൽ’ ബോർഡിങ് പാസ് സ്കാൻ ചെയ്യുക. മുഖം തിരിച്ചറിയൽ വഴി അകത്തേക്കു പ്രവേശനം അനുവദിക്കും. സുരക്ഷാ പരിശോധനാ സ്ഥലത്തും ഇ ഗേറ്റ് ഉണ്ട്. യാത്രക്കാരന്റെ മുഖം തിരിച്ചറിഞ്ഞ ശേഷമേ ഇ ഗേറ്റ് തുറക്കൂ. 

ഡിജിയാത്രയ്ക്കായി നൽകുന്ന വ്യക്തിവിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. യാത്രക്കാരുടെ വിവരങ്ങൾ യാത്ര കഴിഞ്ഞ് 24 മണിക്കൂറിനു ശേഷം വിമാനത്താവളത്തിന്റെ സെർവറിൽ നിന്നു നീക്കം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *