ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ്, ഓഫറുമായി ട്രെയിൻമാൻ ആപ്

വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് അവസാന നിമിഷം ലഭിക്കാതെ വന്നാൽ യാത്ര തന്നെ മുടങ്ങും. ഇതിനൊരു പരിഹാരവുമായാണ് ടിക്കറ്റ് ബുക്കിങ് ആപ് ട്രെയിൻമാൻ എത്തിയിരിക്കുന്നത്. ഈ ആപ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ടിക്കറ്റ് ലഭിക്കുമോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകും.

യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിൻമാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് കീഴിൽ യാത്രക്കാർക്ക് ട്രെയിൻ യാത്രകൾ കമ്പനി ഉറപ്പ് നൽകുന്നു. ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ യാത്രക്കാർക്ക് കമ്പനി സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകളും നൽകുമെന്നാണ് ഓഫറിൽ പറയുന്നത്. ട്രെയിൻമാൻ ആപ് ‘ട്രിപ്പ് അഷ്വറൻസ്’ എന്ന പുതിയ ഫീച്ചർ പ്രകാരമാണ് ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാനായില്ലെങ്കിലും പകരം സൗജന്യ ഫ്ലൈറ്റ് ടിക്കറ്റ് നൽകുന്നത്.

ഫീച്ചർ പ്രകാരം യാത്രക്കാർക്ക് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിൽ തന്നെ യാത്ര ചെയ്യാനുള്ള അവസരം ഉറപ്പാക്കുന്നു. ട്രെയിൻമാൻ ആപ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആർക്കും ആപ്പിൽ തന്നെ അവരുടെ ടിക്കറ്റ് നില പരിശോധിക്കാൻ കഴിയും. യാത്രക്കാരന് കൺഫേം ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ടിക്കറ്റ് കൺഫേം ആകാൻ എത്രത്തോളം സാധ്യതയുണ്ടെന്ന് ആപ്പിൽ പ്രദർശിപ്പിക്കും. ചാർട്ട് തയാറാക്കുന്നതിന് മുൻപ് ടിക്കറ്റുകൾ കൺഫേം ആയില്ലെങ്കിൽ അവസാന നിമിഷത്തെ മറ്റു യാത്രാ ഓപ്ഷനുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും ട്രിപ്പ് അഷ്വറൻസ് യാത്രക്കാരെ സഹായിക്കും.

ഒരു യാത്രക്കാരന്റെ ടിക്കറ്റ് പ്രെഡിക്ഷൻ മീറ്റർ സൂചിപ്പിക്കുന്നത് 90 ശതമാനമോ അതിൽ കൂടുതലോ ആണെങ്കിൽ ആപ് ട്രിപ് അഷ്വറൻസ് ഫീസായി 1 രൂപ ഈടാക്കും. 90 ശതമാനത്തിൽ താഴെയാണെങ്കിൽ ടിക്കറ്റിന്റെ ക്ലാസ് അനുസരിച്ച് കമ്പനി നാമമാത്രമായ ഫീസ് ഈടാക്കും. ചാർട്ട് തയാറാക്കുന്ന സമയത്ത് ട്രെയിൻ ടിക്കറ്റ് ഉറപ്പിച്ചാൽ ട്രിപ്പ് അഷ്വറൻസ് ഫീസ് ഉപഭോക്താക്കൾക്ക് തിരികെ നൽകും. എന്നാൽ, ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ ട്രെയിൻമാൻ യാത്രക്കാരന് സൗജന്യ ഫ്ലൈറ്റ് ടിക്കറ്റ് നൽകും.

എല്ലാ ഐആർസിടിസി രാജധാനി ട്രെയിനുകളിലും മറ്റ് 130 ട്രെയിനുകളിലും ട്രിപ്പ് അഷ്വറൻസ് സേവനം നിലവിൽ ലഭ്യമാണ്. കമ്പനി പറയുന്നതനുസരിച്ച്, ട്രെയിൻമാൻ ആപ് മെഷീൻ ലേണിങ് പോലുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഐആർടിസിയുടെ അംഗീകൃത പാർടണറുമാണ്. ഐആർടിസി യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനാണ് ട്രിപ്പ് അഷ്വറൻസ് സേവനം വികസിപ്പിച്ചിരിക്കുന്നത്. വെയ്റ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുകൾ സ്ഥിരീകരിച്ച ടിക്കറ്റുകളാക്കി മാറ്റുന്നതിന് തങ്ങളുടെ ട്രെയിൻ പ്രെഡിക്ഷൻ മോഡൽ 94 ശതമാനം കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ, ടിക്കറ്റ് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ കമ്പനി സൗജന്യ വിമാന ടിക്കറ്റ് നൽകും. എന്നാൽ, ‘ട്രിപ്പ് അഷ്വറൻസ്’ സൗകര്യം വിമാനത്താവളങ്ങളുള്ള നഗരങ്ങളിൽ മാത്രമാണ് ബാധകം.

Leave a Reply

Your email address will not be published. Required fields are marked *