എല്ലാ ഫോണുകളിലും കോളർ ഐഡി ഒരുക്കാനുള്ള നടപടികളുമായി ട്രായ് .

മൊബൈൽ ഫോണിൽ എത്തുന്ന കോളുകളിൽ, അധികം വൈകാതെ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ദൃശ്യമാകും. കോളർ നെയിം പ്രസന്റേഷൻ (സിഎൻഎപി) എന്ന സംവിധാനം ഒരുക്കാനുള്ള നിർണായക നടപടികൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ആരംഭിച്ചു. ‘ട്രൂകോളർ’ പോലെയുള്ള ആപ്പുകളില്ലാതെതന്നെ, വിളിക്കുന്നവരുടെ പേര് ദൃശ്യമാക്കുന്ന സംവിധാനം വേണമെന്ന ടെലികോം വകുപ്പിന്റെ ആവശ്യത്തെത്തുടർന്നാണ് കൂടിയാലോചനയ്ക്കായി പ്രാഥമിക രേഖ ട്രായ് പുറത്തിറക്കിയത്. തട്ടിപ്പ് കോളുകൾ തടയുകയാണ് ലക്ഷ്യം.

വിളിക്കുന്നയാൾ സിം/കണക‍്ഷൻ എടുക്കാനുപയോഗിച്ച കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ രേഖയിലെ പേര് ഫോണിൽ ദൃശ്യമാകുന്ന തരത്തിലായിരിക്കും സംവിധാനം. ഇന്റർനെറ്റ് ഇല്ലാത്ത സാധാരണ ഫോണുകളിലും കോളർ ഐഡി സംവിധാനം ഒരുക്കാനാണ് സർക്കാരിന്റെ തീരുമാനം. കോൾ കണക്റ്റ് ചെയ്യുന്ന സമയത്തുതന്നെ കമ്പനികളുടെ പക്കലുള്ള തിരിച്ചറിയൽ രേഖകളുടെ ഡേറ്റബേസിൽനിന്ന് മൊബൈൽ നമ്പറിനൊപ്പമുള്ള പേര് കണ്ടെത്തി ദൃശ്യമാക്കും.

കോളുകൾ വരുമ്പോൾ പേരു ദൃശ്യമാക്കുന്ന സ്വകാര്യ ആപ് ആണ് ട്രൂകോളർ. ട്രൂകോളർ ഇന്റർനെറ്റ് ഉള്ള സ്മാർട്ഫോണുകളിൽ മാത്രമേ പ്രവർത്തിക്കൂ. ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷണക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റ് ഡേറ്റബേസിലേക്ക് എടുത്താണ് നിലവിൽ പേരുകൾ കാണിക്കുന്നത്. പലരുടെയും ഫോണിൽ നിങ്ങളുടെ നമ്പർ പല തരത്തിലായിരിക്കും സേവ് ചെയ്തിട്ടുണ്ടാവുക.

എന്നാൽ അതിൽ ഏറ്റവും കൂടുതൽ ഒരുപോലെ വരുന്ന പേരാണ് ട്രൂകോളർ എടുക്കുക. ഇതെപ്പോഴും ശരിയാകണമെന്നില്ല. ഒരാൾക്ക് സ്വന്തം നിലയിൽ തന്റെ ഡിസ്പ്ലേ നെയിം മാറ്റാനും കഴിയും. സർക്കാർ സംവിധാനത്തിൽ നമ്മുടെ കെവൈസി രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക.

Leave a Reply

Your email address will not be published. Required fields are marked *