വിൽപനയിൽ മുന്നേറി എംജി:വാഹന വിപണിയിൽ മത്സരം ശക്തം

ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റയിലൂടെയാണ് പ്രധാനമായും ഇ വികൾ രാജ്യത്ത് കളംപിടിച്ചത്. നിലവിൽ ഇലക്ട്രിക് വാഹനവിപണിയിൽ 50 ശതമാനം പങ്കാളിത്തമുണ്ട് ടാറ്റയ്ക്ക്. എങ്കിലും മറ്റു കമ്പനികൾ കൂടി ഇ വി കളുമായി വിപണിയിൽ സജീവമായപ്പോൾ ശക്തമായ മത്സരമാണ് ഇന്ത്യൻ വാഹനഭീമന്‌ നേരിടേണ്ടി വരുന്നത്. അതിന്റെ പ്രതിഫലനമാണ് ഈ വർഷം ഫെബ്രുവരിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇ വി വിപണിയിൽ ടാറ്റ മോട്ടോഴ്സിന് രേഖപ്പെടുത്തിയിരിക്കുന്ന ഇടിവ്.

2025 ഫെബ്രുവരിയിൽ ടാറ്റ വിറ്റഴിച്ചത് 3825 യൂണിറ്റ് വാഹനങ്ങളാണ്. 2024 ഫെബ്രുവരിയിൽ വിറ്റതുമായി തട്ടിച്ചു നോക്കുമ്പോൾ 25.63 ശതമാനത്തിന്റെ കുറവാണിത്. എന്നാൽ ജെ എസ് ഡബ്ള്യു എം ജിയ്ക്ക് വിൽപനയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 198.36 ശതമാനമാണ് വർധനവ്. 2024 ഫെബ്രുവരിയിൽ 1096 യൂണിറ്റ് ഇ വികൾ മാത്രമേ എം ജി മോട്ടോർ ഇന്ത്യയ്ക്ക് വിൽക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

ഇൻഡസ്ട്രി ബോഡി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഫെബ്രുവരിയിൽ 8968 യൂണിറ്റ് ഇ വികളാണ് പാസഞ്ചർ കാർ വിഭാഗത്തിൽ വിറ്റഴിക്കപ്പെട്ടത്. 2024 ഫെബ്രുവരിയിൽ 7539 യൂണിറ്റ് ആയിരുന്നു അത്. 18.95 ശതമാനമാണ് വളർച്ചാനിരക്ക്. കർവ്, പഞ്ച്, നെക്‌സോൺ, ടിയാഗോ, ടിഗോർ എന്നിവയാണ് ടാറ്റയിൽ നിന്നും പുറത്തിറങ്ങുന്ന ഇ വികൾ. ജെ എസ് ഡബ്ള്യു എം ജി മോട്ടോർ ഇന്ത്യയുടെ ഇ വികൾ കോമെറ്റ്, വിൻഡ്‌സർ, ഇസഡ് എസ് എന്നിവയാണ്.

Leave a Reply

Your email address will not be published. Required fields are marked *