തിരുവനന്തപുരം ∙ കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ കോവളം റാവിസ് ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്യും. ഗ്രാമീണ മേഖലയിൽ നിന്നുള്ള വേറിട്ട സംരംഭങ്ങൾക്കു പ്രാധാന്യം നൽകിയാണ് ആഗോള സംഗമം സംഘടിപ്പിക്കുന്നതെന്നു മിഷൻ സിഇഒ അനൂപ് അംബിക, ബിസിനസ് ഡവലപ്മെന്റ് സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ, പിആർ അസിസ്റ്റന്റ് മാനേജർ വി.എ.അഷിത എന്നിവർ അറിയിച്ചു.
സ്റ്റാർട്ടപ്പുകൾക്ക് സ്വന്തം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും സാങ്കേതിക– വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ടു സംവദിക്കാനും അവസരമുണ്ടാകും. നിക്ഷേപകർക്കു മികച്ച സ്റ്റാർട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപിക്കാനും അവസരം ലഭിക്കും. അക്കാദമിക് വിദഗ്ധരും സംരംഭകരും തമ്മിലെ ആശയ വിനിമയം മെച്ചപ്പെടുത്തുകയും ലക്ഷ്യമാണ്. ആഗോളതലത്തിൽ പ്രശസ്തരായ സ്റ്റാർട്ടപ് സംരംഭകർ അനുഭവം പങ്കുവയ്ക്കും. 100 സ്റ്റാർട്ടപ്പുകൾക്കുള്ള പിച്ചിങ് മത്സരം ആദ്യ ദിനത്തിൽ നടക്കും. റജിസ്ട്രേഷന് : www.huddleglobal.co.in