പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലക്സ് തിരുവനന്തപുരം ലുലു മാളിൽ.

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലക്സ് തിരുവനന്തപുരം ലുലു മാളിൽ. 12 സ്ക്രീനുകളാണ് ഈ സൂപ്പർപ്ലക്സിലുള്ളത്. ഡിസംബർ 5 മുതൽ സിനിമാ പ്രദർശനം നടക്കും. ഐ മാക്സ്, ഫോർ ഡി എക്സ് തുടങ്ങിയ രാജ്യാന്തര ഫോർമാറ്റുകളിൽ ഇൗ സ്ക്രീനുകളിൽ സിനിമ ആസ്വദിക്കാൻ കഴിയും. ആകെയുളള 12 സ്‌ക്രീനുകളിൽ 2 എണ്ണം പിവിആറിന്റെ ലക്ഷുറി സ്ക്രീൻ വിഭാഗത്തിലുള്ളതാണ്.

മറ്റ് 8 സ്‌ക്രീനുകളിലും അവസാന നിരയിൽ റിക്ലൈനിങ് സീറ്റുകൾ ഉൾപ്പടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോന്നിലും 40 മുതൽ 270 സീറ്റുകൾ വരെ ആയി 1739 ഇരിപ്പിടമാണ് ആകെയുള്ളത്. രാജ്യാന്തര നിലവാരമുള്ള അൾട്രാ-ഹൈ റെസലൂഷൻ ലേസർ പ്രൊജക്ടർ, നൂതന ഡോൾബി 7.1 ഇമ്മേഴ്സീവ് ഓഡിയോ, നെക്സ്റ്റ്-ജെൻ ത്രി ഡി സാങ്കേതികവിദ്യ എന്നിവയൊക്കെയുണ്ട്. ന്യൂഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിനുശേഷം രാജ്യത്തെ നാലാമത്തെ പിവിആർ സൂപ്പർപ്ലക്സാണ് തിരുവനന്തപുരത്തു തുടങ്ങിയത്.

ഐമാക്സ് ഒഴികെയുള്ള തിയറ്ററുകളിൽ ഡിസംബർ രണ്ടിനും ഐമാക്സിൽ അഞ്ചിനുമാണ് പ്രദർശനം തുടങ്ങുന്നത്. അൽഫോൺസ് പുത്രന്റെ ഗോൾ‌ഡ് ആണ് ആണ് പിവിആർ സൂപ്പർ പ്ലക്സിലെ ആദ്യചിത്രം. അമല പോൾ മുഖ്യവേഷത്തിൽ എത്തുന്ന ടീച്ചറിന്റെ ആദ്യറിലീസും ഇവിടെയാണ്.  ഐമാക്സിൽ ജെയിംസ് കാമറൂണിന്റെ അവതാർ–2 ഡിസംബർ 16ന് പ്രദർശനത്തിന് എത്തും.

ഐമാക്സിൽ 278 സീറ്റുകളാണുള്ളത്.  സിനിമാനുഭവം കഴിയുന്നത്ര ആഴത്തിൽ പ്രേക്ഷകനിലേക്ക് എത്തുന്നതാണ് 4 ഡി മാക്സിന്റെ പ്രത്യേകത. സ്ക്രീനിൽ കാർ പാഞ്ഞുപോയാൽ കസേരയിൽ അതിന്റെ ചലനം അനുഭവിക്കാം. കാറ്റും മഞ്ഞും മഴയുമെല്ലാം ഇതേ രീതിയിൽ പ്രേക്ഷകരിലേക്കെത്തും. ഇവിടെ 80 സീറ്റുകളാണുള്ളത്. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *