എൽഐസിയുടെ സ്ത്രീ ശാക്തീകരണ പരിപാടിയായ ‘ബീമ സഖിക്ക്’ പ്രചാരമേറുന്നു.

‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്കെത്താൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സ്ത്രീ ശാക്തീകരണ പരിപാടിയായ ‘ബീമ സഖിക്ക്’ പ്രചാരമേറുന്നു. പത്താം ക്ലാസ് പാസായ 18 മുതല്‍ 70 വയസു വരെയുള്ള വനിതകൾക്കായുള്ള ഈ പദ്ധതിയിലൂടെ ഇൻഷുറൻസ് ബോധവൽക്കരണവും സാമ്പത്തിക സാക്ഷരതയുമാണ് ലക്ഷ്യമിടുന്നത്. സ്റ്റൈപ്പന്‍ഡോടു കൂടി പ്രത്യേക പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്ക് പ്രകടനം വിലയിരുത്തി എൽഐസിയുടെ ഡവലപ്മെന്റ് ഓഫീസറാകാനുള്ള അവസരവുമുണ്ട്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ ബീമ സഖിയുടെ മൊത്തം റജിസ്ട്രേഷൻ 52,511 ആയിട്ടുണ്ട്. അതിൽ 27,695 ബീമ സഖികൾക്ക് പോളിസികൾ വിൽക്കുന്നതിനുള്ള നിയമന കത്തുകൾ നൽകിയിട്ടുണ്ടെന്നും 14,583 ബീമ സഖികൾ പോളിസികൾ വിൽക്കാൻ തുടങ്ങിയതായും എൽഐസി പ്രസ്താവനയിൽ പറഞ്ഞു.

പദ്ധതി പ്രകാരം, ഓരോ ബീമ സഖിയ്ക്കും ആദ്യ വർഷം 7,000 രൂപയും രണ്ടാം വർഷം പ്രതിമാസം 6,000 രൂപയും മൂന്നാം വർഷം പ്രതിമാസം 5,000 രൂപയും സ്റ്റൈപ്പൻഡ് നൽകും.

ഈ സ്റ്റൈപ്പൻഡ് അടിസ്ഥാന പിന്തുണ അലവൻസായിരിക്കും. കൂടാതെ, വനിതാ ഏജന്റുമാർക്ക് അവരുടെ ഇൻഷുറൻസ് പോളിസികളെ അടിസ്ഥാനമാക്കി കമീഷന്‍ നേടാനാകും. അതായത്, അവർ കൊണ്ടുവരുന്ന ബിസിനസ്സിന് ആനുപാതികമായി അവരുടെ വരുമാനം വർദ്ധിക്കും.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2 ലക്ഷം ബീമ സഖിമാരെ റിക്രൂട്ട് ചെയ്യാനാണ് എൽഐസി ലക്ഷ്യമിടുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ 18 നും 70 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *