ലോകത്ത് പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. 2024ലെ അനുമാനപ്രകാരവും ഇന്ത്യ തന്നെയാണ് എതിരാളികളില്ലാതെ മുന്നിലെന്ന് ലോകബാങ്ക് വ്യക്തമാക്കി. 2023ലെ 12,500 കോടി ഡോളറിൽ (10.41 ലക്ഷം കോടി രൂപ) നിന്ന് ഈ വർഷം ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം 3.2% ഉയർന്ന് 12,910 കോടി ഡോളറായി (10.84 ലക്ഷം കോടി രൂപ).
ചൈനയാണ് മൂന്നാമത്. എന്നാൽ, ചൈനയിലേക്കെത്തിയ പണം 2023ലെ 5,000 കോടി ഡോളറിൽ നിന്ന് ഈവർഷം 4,800 കോടി ഡോളറായി ഇടിഞ്ഞു. ഫിലിപ്പീൻസ് (3,320 കോടി ഡോളർ), പാക്കിസ്ഥാൻ (3,320 കോടി ഡോളർ), ബംഗ്ലദേശ് (2,660 കോടി ഡോളർ), ഈജിപ്റ്റ് (2,270 കോടി ഡോളർ), ഗ്വാട്ടിമാല (2,160 കോടി ഡോളർ), നൈജീരിയ (1,980 കോടി ഡോളർ), ഉസ്ബെക്കിസ്ഥാൻ (1,660 കോടി ഡോളർ) എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ യഥാക്രമമുള്ളത്.രണ്ടാമതുള്ള മെക്സിക്കോ നേടിയത് 6,820 കോടി ഡോളർ മാത്രം.
പ്രവാസിപ്പണം നേടുന്നതിൽ വർഷങ്ങളായി ഇന്ത്യ തന്നെയാണ് ഒന്നാമത്. 2022ലായിരുന്നു ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് ആദ്യമായി 10,000 കോടി ഡോളർ കടന്നത്. 2000ൽ 1,288 കോടി ഡോളറും 2010ൽ 5,348 കോടി ഡോളറും 2015ൽ 6,891 കോടി ഡോളറും എത്തിയിരുന്നു. 2019ൽ ഇത് 8,333 കോടി ഡോളറായി. 2020ൽ പക്ഷേ, കോവിഡ് പശ്ചാത്തലത്തിൽ 8,314 കോടി ഡോളറായി കുറഞ്ഞു. 2022ൽ ലഭിച്ചത് 11,122 കോടി ഡോളർ. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഏറെയുള്ള യുഎസ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്