പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വാഹന നിർമാതാക്കളും പുതിയ വർഷത്തിൽ വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചു. ചെറു കാറുകൾ മുതൽ ആഡംബര കാറുകൾക്കു വരെ ജനുവരി മാസം മുതൽ വില കൂടും.
നിർമാണ സാമഗ്രികളുടെ വില കൂടിയത് മിക്ക വാഹന നിർമാതാക്കളെയും പ്രതിസന്ധിയിലാക്കിയെന്നാണ് വിദഗ്ധർ പറയുന്നത്. വാഹനങ്ങളുടെ ബോഡി, എൻജിൻ ഭാഗങ്ങൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന അലുമിനിയത്തിന്റെ വില കഴിഞ്ഞ വർഷത്തെക്കാൾ 10.6% കൂടി. സിങ്ക്, ടിൻ, ചെമ്പ് തുടങ്ങിയവയുടെ വിലയും വർധിച്ചു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾ ആഗോള കപ്പൽ ഗതാഗതത്തെ ബാധിച്ചത് വിതരണച്ചെലവു കൂട്ടിയതായും കമ്പനികൾ പറയുന്നു.അതേസമയം, എല്ലാവർഷവും ഡിസംബർ മാസത്തിൽ വിൽപന കൂട്ടാൻ ലക്ഷ്യമിട്ട് കമ്പനികൾ സ്ഥിരമായി ചെയ്യുന്ന തന്ത്രമാണ് വിലക്കയറ്റമെന്നും ആരോപണമുണ്ട്.