ഹൈപ്പർമാർക്കറ്റിനു പ്രധാന്യം നൽകിയുള്ള ലുലു മിനി മാളാണു മണിപ്പുഴയിൽ എംസി റോഡരികിൽ ഇന്ന് ആരംഭിക്കുന്നത്. 2.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ രണ്ടുനില കെട്ടിടത്തിൽ താഴത്തെ നില ഹൈപ്പർമാർക്കറ്റാണ്. രാവിലെ 9 മുതൽ രാത്രി 11 വരെയാണു പ്രവർത്തനസമയം. ഉദ്ഘാടനം ഇന്നു രാവിലെ 11.30നു മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. എം.എ.യൂസഫലി അധ്യക്ഷത വഹിക്കും. ഇന്നു വൈകിട്ട് 4 മുതൽ മാളിൽ പ്രവേശനം അനുവദിക്കും.
വിവിധ ബ്രാൻഡുകളുടെയും വസ്ത്രശേഖരവുമായി ലുലു ഫാഷൻ മുകളിലത്തെ നിലയിലാണ്. ലുലുവിന്റെ തന്നെ ബ്ലഷ്, ഐ എക്സ്പ്രസ് എന്നിവയാണു സുഗന്ധവിഭാഗവും ഫാഷൻ, കണ്ണട വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. 450 പേർക്കോളം ഇരിക്കാവുന്ന ഫൂഡ്കോർട്ടാണുള്ളത്. കുട്ടികൾക്കായി ഫൺടൂറ ആണ് മറ്റൊരു ആകർഷണം.ആയിരത്തോളം വാഹനങ്ങൾക്കു പാർക്ക് ചെയ്യാവുന്ന മൾട്ടിലവൽ പാർക്കിങ് സൗകര്യമുണ്ട്. ഇതിനുപുറമേ അടുത്തു പാർക്കിങ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. നിലവിൽ പാർക്കിങ് സൗജന്യം.
ക്രിസ്മസ്, പുതുവർഷ സമ്മാനമായാണു കോട്ടയത്തിനു ലുലു സമർപ്പിക്കുന്നത് എന്നും ചെറുപട്ടണങ്ങളിലേക്കും എത്തുമ്പോൾ ലുലു കൂടുതൽ ജനങ്ങളിലേക്ക് എത്തും, അതു കോട്ടയത്തെ ജനങ്ങൾ തിരിച്ചറിയുമെന്ന ഉറച്ച വിശ്വാസമുണ്ട് എന്നും യൂസഫലി പറഞ്ഞു