ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐയെ പുതിയ പേയ്‌മെന്‍റ് പാര്‍ട്‌ണറാക്കി ബിഎസ്എന്‍എല്‍

അടുത്തിടെ ഏറെ മാറ്റങ്ങള്‍ അവതരിപ്പിച്ച പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ പേയ്‌മെന്‍റ് ഗേറ്റ്‌വേ സംവിധാനത്തിലും മാറ്റം വരുത്തി. ഇനി മുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐയായിരിക്കും ബിഎസ്എന്‍എല്ലിന്‍റെ പേയ്‌മെന്‍റ് പാര്‍ട്‌ണര്‍ എന്ന് ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ പുതിയ പേയ്‌മെന്‍റ് ഗേറ്റ്‌വേ പാര്‍ട്‌ണര്‍ ആയി തെരഞ്ഞെടുത്തിരിക്കുകയാണ് പൊതുമേഖല ടെലികോം നെറ്റ്‌വര്‍ക്കായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്‍റെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി റീച്ചാര്‍ജ് ചെയ്‌താല്‍ ഇനി മുതല്‍ പേയ്‌മെന്‍റ് സംവിധാനം പ്രവര്‍ത്തിക്കുക എസ്‌ബിഐ വഴിയായിരിക്കും. സുരക്ഷിതമായ ട്രാന്‍സാക്ഷന്‍ നടത്താന്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ ഇത് സഹായിക്കും എന്നാണ് പ്രതീക്ഷ. ഉപഭോക്താക്കൾക്ക് ഇപ്പോൾ യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, വാലറ്റുകൾ എന്നിവ ഉപയോഗിച്ച് എസ്‌ബിഐ പേയ്മെന്‍റ് ഗേറ്റ്‌വേ സംവിധാനം വഴി ലാൻഡ്‌ലൈൻ, മൊബൈൽ പേയ്മെന്‍റുകള്‍ നടത്താമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റും സെല്‍ഫ് കെയര്‍ മൊബൈല്‍ ആപ്പും വഴി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കിവരുന്നത്. യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, വാലറ്റുകൾ, ക്യൂആര്‍, ക്വിക്ക്പേ മാര്‍ഗങ്ങള്‍ വഴി പണമടയ്ക്കാം. ബിഎസ്എന്‍എല്‍ അടുത്തിടെ ഏറെ റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം പുതിയ സര്‍വീസുകളും അവതരിപ്പിച്ചിരുന്നു. ഫൈബര്‍ അധിഷ്ഠിത ടിവി സര്‍വീസായ ഐഎഫ്‌ടിവി, സെല്ലുലാര്‍ നെറ്റ്‌വര്‍ക്കും വൈ-ഫൈയും ലഭ്യമല്ലാത്ത ഏത് ഉള്‍പ്രദേശങ്ങളിലും സാറ്റ്‌ലൈറ്റ് വഴി കോളും എസ്‌എംഎസും സാധ്യമാക്കുന്ന ഡയറക്ട്-ടു-ഡിവൈസ് സര്‍വീസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *