പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിക്കുന്നതിനും നിലവിലുള്ള പാനിലെ തിരുത്തലുകളും പൂർണമായി സൗജന്യമാകുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ച ‘പാൻ 2.0’ പദ്ധതിയുടെ ഭാഗമാണിത്. വൈകാതെ നടപ്പാകും .പാനിന്റെ ഡിജിറ്റൽ പതിപ്പ് (ഇ–പാൻ) ആയിരിക്കും സൗജന്യമായി പിഡിഎഫ് രൂപത്തിൽ ഇമെയിലിൽ ലഭിക്കുക. പ്രിന്റഡ് പാൻ കാർഡ് വേണമെങ്കിൽ മാത്രം 50 രൂപ അടച്ചാൽ മതി. ഇന്ത്യയ്ക്ക് പുറത്തേക്കാണെങ്കിൽ 15 രൂപയും പോസ്റ്റൽ ചാർജും അധികമായി നൽകണം.
പാനിനു പിന്നിലുള്ള സാങ്കേതികവിദ്യ അപ്ഗ്രേഡ് ചെയ്യുന്നതുവഴി ഒരാൾ ഒന്നിലേറെ പാൻ കൈവശം വയ്ക്കുന്നതും തടയും. ബിസിനസ് സ്ഥാപനങ്ങൾക്ക് അവയുടെ പാൻ ഏകീകൃത തിരിച്ചറിയൽ രേഖയാകും. പാൻ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഡേറ്റ വോൾട്ട് സിസ്റ്റം എല്ലാ സ്ഥാപനങ്ങൾക്കും നിർബന്ധമാക്കും. പരാതികൾ പരിഹരിക്കാൻ ഹെൽപ്ഡെസ്ക്കും കോൾ സെന്ററും തുടങ്ങും.