പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വിൽപന നാളെ മുതൽ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ (NTPC) ഉപസ്ഥാപനം എൻടിപിസി ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വിൽപന നവംബർ 19ന് ആരംഭിച്ച് 22 വരെ നടക്കും. 10,000 കോടി രൂപയുടെ സമാഹരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. സോളർ, വിൻഡ് എനർജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ പുനരുപയോഗ ഊർജോൽപാദന പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് എൻടിപിസി ഗ്രീൻ എനർജി. ഇതിനകം 17ലേറെ പദ്ധതികൾ കമ്മിഷൻ ചെയ്തു. 24ഓളം പുതിയ പദ്ധതികൾ പുരോഗമിക്കുകയാണ്.

പൂർണമായും പുതിയ ഓഹരികളാണ് ഐപിഒയിലുണ്ടാവുക. 92.5 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 102-108 രൂപയാണ് പ്രൈസ്ബാൻഡ്. നിക്ഷേപകർക്ക് മിനിമം 138 ഓഹരികൾക്കായി അപേക്ഷിക്കാം; തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും. 75% ഓഹരികൾ യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്കും 10% ചെറുകിട നിക്ഷേപകർക്കും 15% സ്ഥാപനേതര നിക്ഷേപകർക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.

ഓഹരി ഒന്നിന് 5 രൂപ ഡിസ്കൗണ്ടോടെ 200 കോടി രൂപയുടെ ഓഹരികൾ കമ്പനിയുടെ ജീവനക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. മാതൃകമ്പനിയായ എൻടിപിസിയുടെ ഓഹരികൾ കൈവശമുള്ളവർക്കായി 1,000 കോടി രൂപയുടെ ഓഹരികളും നീക്കിവച്ചിട്ടുണ്ട്. റീട്ടെയ്ൽ നിക്ഷേപകർക്ക് പരമാവധി രണ്ടുലക്ഷം രൂപയുടെ ഓഹരികൾക്കായാണ് അപേക്ഷിക്കാനാവുക. എന്നാൽ, നിലവിൽ എൻടിപിസിയുടെ ഓഹരി കൈവശമുള്ളവർക്ക് 4 ലക്ഷം രൂപയ്ക്കുവരെ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *