ഇടവേളകളില്ലാതെ 60 മാസം വരെ പ്രീമിയം നൽകി തുടർന്നു വരുന്ന പോളിസികളിൽ നേരത്തെ വിവരങ്ങൾ നൽകിയില്ല, നൽകിയ വിവരങ്ങളിൽ പിശകുകളുണ്ട് തുടങ്ങിയ മുട്ടുന്യായങ്ങൾ നിരത്തി ക്ലെയിം നിരസിക്കാൻ കമ്പനികൾക്ക് പഴുതില്ലാത്ത വിധമാണ് പുതിയ നിയമങ്ങൾ.
60 മാസമെന്ന മൊറട്ടോറിയം കാലാവധി പൂർത്തിയാക്കിയ പോളിസികളിൽ ഒരുവിധ തർക്കങ്ങളും ഉന്നയിച്ചുകൊണ്ട് ക്ലെയിം നൽകാതിരിക്കാൻ ഇനി കമ്പനികൾക്കാകില്ല. ആവശ്യമുള്ള ഘട്ടങ്ങളിൽ കാഷ് ലെസ് സേവനം ലഭിക്കാൻ എല്ലാ പോളിസിയുടമകൾക്കും അവകാശമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇതിനായുള്ള അനുമതി ആശുപത്രികൾക്ക് നൽകിയിരിക്കണം. ഡിസ്ചാർജ് ചെയ്യപ്പെടുമ്പോൾ ആശുപത്രികൾക്ക് പണം നൽകാൻ ഇൻഷുറൻസ് കമ്പനികൾക്ക് പരമാവധി മൂന്ന് മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്.ഇതിനു മുകളിൽ താമസം വരുന്ന പക്ഷം ആശുപത്രികൾക്ക് നൽകേണ്ടി വരുന്ന അധിക തുക ഇൻഷുറൻസ് കമ്പനികളുടെ ഓഹരിയുടമകളുടെ ഫണ്ടിൽ നിന്നു നൽകേണ്ടതാണ്.പോളിസിയുടമ ആശുപത്രിയിൽ വച്ച് മരണമടയുന്ന ഘട്ടങ്ങളിൽ ക്ലെയിം നൽകി ഭൗതികശരീരം യഥാസമയം വിട്ടുനൽകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇൻഷുറൻസ് കമ്പനികളുടെ ചുമതലയാണ്.
പോളിസിയുടമകൾക്ക് സുഗമമായ സേവനം അതിവേഗം ലഭ്യമാക്കാൻ നിയോഗിക്കപ്പെട്ട പോളിസിയുടമയുടെയും ഇൻഷുറൻസ് കമ്പനികളുടെയും ഇടയിൽ പ്രവർത്തിക്കുന്ന മധ്യവർത്തികളായ ടിപിഎകൾ സൃഷ്ടിക്കുന്ന തടസ്സവാദങ്ങളും കാലതാമസവും പ്രധാന പ്രശ്നങ്ങളായി മാറിയിട്ടുണ്ട്. ടിപിഎകളുടെ പ്രവർത്തനം നിരീക്ഷിക്കേണ്ടത് ഇൻഷുറൻസ് കമ്പനികളുടെ ഉത്തരവാദിത്തമാക്കിക്കൊണ്ട് പോളിസിയുടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ടിപിഎകൾക്ക് നൽകുന്ന തുകകളിൽ നിന്ന് കിഴിവ് ചെയ്ത് പരിഹരിക്കാനും പുതിയ മാസ്റ്റർ സർക്കുലർ വഴിയൊരുക്കും
ഒരു കമ്പനിയുടെ മാസ്റ്റർ പോളിസികളിൽ ഉൾപ്പെടെ നിലവിലുള്ള പോളിസിയുടമകൾക്ക് പോളിസി പരിരക്ഷ മുറിഞ്ഞു പോകാതെ നൽകാനുള്ള സംവിധാനം ഒരുക്കേണ്ട ചുമതല ഇൻഷുറൻസ് കമ്പനിക്കാണ്.ഇത്തരത്തിൽ പിൻവലിച്ചതിന് 90 ദിവസത്തിനുള്ളിൽ പുതുക്കേണ്ടി വരുന്നവ, ഒറ്റത്തവണ നിലവിലുള്ള പോളിസിയിൽ തന്നെ പുതുക്കി നൽകണം.
പോളിസിയുടമ തിരഞ്ഞെടുക്കുന്ന പക്ഷം അതേ കമ്പനിയുടെ മറ്റു പോളിസികളിലേക്ക് മാറ്റി പുതുക്കാനുള്ള അവകാശവുമുണ്ട്. ഒന്നിലധികം വർഷങ്ങൾ കാലാവധിയുള്ള പോളിസികൾ പിൻവലിച്ചാലും പോളിസിയുടെ ആനുകൂല്യങ്ങൾ കാലാവധി തീരും വരെ കമ്പനികൾ ഉറപ്പാക്കണം.
മെഡിക്കൽ പോളിസികളെ സംബന്ധിച്ച് ഇൻഷുറൻസ് ഓംബുഡ്സ്മാന് നൽകുന്ന പരാതികളിൽ തീർപ്പ് നൽകിയാൽ പോലും ഇൻഷുറൻസ് കമ്പനികൾ അവ നടപ്പാക്കുന്നില്ല എന്ന പരാതികൾ പൊതുവേയുണ്ട്.തീർപ്പ് നൽകി 30 ദിവസത്തിനുള്ളിൽ അവ നടപ്പാക്കാത്ത പക്ഷം പിഴപ്പലിശയോടൊപ്പം ദിനംപ്രതി 5,000 രൂപ വീതം പോളിസിയുടമയ്ക്ക് ഇൻഷുറൻസ് കമ്പനി നൽകണം.