ഗ്ലോബൽ ഫിനാൻസ് മാഗസിൻ ‘സെൻട്രൽ ബാങ്കർ അവാർഡ്’ ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന്

യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ മികച്ച സെൻട്രൽ ബാങ്കറായി തിരഞ്ഞെടുത്തു.

ഏകദേശം 100 പ്രധാന രാജ്യങ്ങൾ, പ്രദേശങ്ങൾ, ജില്ലകൾ, യൂറോപ്യൻ യൂണിയൻ, ഈസ്റ്റേൺ കരീബിയൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് സെൻട്രൽ ആഫ്രിക്കൻ സ്റ്റേറ്റ്സ് എന്നിവയുടെ സെൻട്രൽ ബാങ്ക് ഗവർണർമാരെ ഗ്രേഡ് ചെയ്താണ് 1994 മുതൽ ഗ്ലോബൽ ഫിനാൻസ് എല്ലാ വർഷവും സെൻട്രൽ ബാങ്ക് റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്നത്. ബാങ്കുകൾക്കും മറ്റ് സാമ്പത്തിക സേവന ദാതാക്കൾക്കും ഇടയിൽ മികച്ച പ്രകടനം നടത്തുന്നവരെ പതിവായി ഗ്ലോബൽ ഫിനാൻസ് തിരഞ്ഞെടുക്കുന്നു. മൾട്ടിനാഷണൽ കമ്പനികളിലും ധനകാര്യ സ്ഥാപനങ്ങളിലും നിക്ഷേപവും തന്ത്രപരമായ തീരുമാനങ്ങളും എടുക്കുന്നതിന് ഉത്തരവാദികളായ മുതിർന്ന കോർപ്പറേറ്റ്, ഫിനാൻഷ്യൽ ഓഫീസർമാർക്കിടയിൽ നിന്നാണ് ഗ്ലോബൽ ഫിനാൻസ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

തുടർച്ചയായ രണ്ടാം വർഷമാണ് അദ്ദേഹം ആഗോളതലത്തിൽ മികച്ച സെൻട്രൽ ബാങ്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. സങ്കീർണ്ണമായ സാമ്പത്തിക വെല്ലുവിളികളുണ്ടെങ്കിലും അത് തരണം ചെയ്ത് ഇന്ത്യയുടെ കേന്ദ്ര ബാങ്കിനെ നയിക്കുന്നതിൽ ആർബിഐ ഗവർണറുടെ മികച്ച പ്രകടനവും ഫലപ്രദമായ നേതൃത്വവും കണക്കിലെടുത്താണ് അവാർഡ്.

എ പ്ലസ് റേറ്റിങ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ശക്തികാന്ത ദാസ്.പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ് എന്നിവയിലെ പ്രകടനം വിലയിരുത്തി എ മുതൽ എഫ് വരെയുള്ള സ്കെയിലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രേഡുകൾ എന്ന് ഗ്ലോബൽ ഫിനാൻസ് മാസിക പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *