വിവരച്ചോർച്ചയ്ക്കു പിന്നാലെ, ഇൻഷുറൻസ് കമ്പനികൾ സൈബർ സുരക്ഷ ശക്തമാക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഉത്തരവിട്ടു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് എന്നിവയിലെ ഉപയോക്താക്കളുടെ ഡേറ്റ ചോർന്നതിനു പിന്നാലെയാണിത്. കമ്പനികളുടെ പേരെടുത്ത് പറയാതെയാണ് ഉത്തരവ്.
വിവരസുരക്ഷ പരമപ്രധാനമായി കാണുന്നുവെന്നും കമ്പനികൾ വേണ്ട നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ചോർച്ചയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ഇരുകമ്പനികളോടും സ്വതന്ത്ര ഓഡിറ്റർമാരെ നിയോഗിക്കാനും നിർദേശിച്ചു.