ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ആരെങ്കിലും മോഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്, ഓഫ്ലൈന് ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിവയാണിവ.
ഫോണിലെ വിവരങ്ങളിലേക്ക് കടക്കാന്‍ മോഷ്ടാവിനെ അനുവദിക്കാതെ ഫോണ്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന സംവിധാനമാണ് തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക്. ഉടമയുടെ കൈയില്‍ നിന്ന് ഫോണ്‍ റാഞ്ചി ആരെങ്കിലും ഓടിയോ നടന്നോ വാഹനത്തിലോ പോകുമ്പോഴാണ് ഫോണ്‍ മോഷ്ടിക്കപ്പെടാണ് എന്ന് മെഷീന് ലേണിംഗ് സംവിധാനം തിരിച്ചറിയുക. ഫോണ്‍ ഏറെക്കാലം ഇന്റര്‍നെറ്റ് കണക്ഷനില്‍ നിന്ന് വിച്ഛേദിച്ചാല്‍ ഓഫ്ലൈന് ഡിവൈസ് ലോക്ക് ആക്റ്റീവാകും. ഫൈന്‍ഡ് മൈ ഡിവൈസ് സംവിധാനത്തില്‍ പ്രവേശിച്ച് ഉടമയ്ക്ക് തന്നെ തന്റെ ഫോണ്‍ ലോക്ക് ചെയ്യാനാവുന്ന സംവിധാനമാണ് റിമോട്ട് ലോക്ക് ഫീച്ചര്‍.
അമേരിക്കയിലെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളിലാണ് ഈ ഫീച്ചറുകള്‍ ആദ്യമെത്തിയത്. ഏറ്റവും പുതിയ ഷവോമി 14ടി പ്രോയില്‍ തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക് പ്രത്യക്ഷപ്പെട്ടതായി മിഷാല്‍ റഹ്മാനാണ് ത്രഡ്സിലൂടെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വരും ആഴ്ചകളില്‍ ഈ മൂന്ന് ഫീച്ചറും കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് എത്തും.
ഈ സുരക്ഷാ സേവനങ്ങള്‍ ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സര്‍വീസിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലുള്ളത് എന്ന് ഉറപ്പുവരുത്തണം. ആന്‍ഡ്രോയ്ഡ് 10 മുതല്‍ മുകളിലേക്കുള്ള എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ ഫീച്ചറുകള്‍ ലഭ്യമാകും.