വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ ആദ്യമായി കടത്തിവെട്ടി ഒന്നാംസ്ഥാനം സ്വന്തമാക്കി ഇന്ത്യ. ഇതോടെ ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കുതിച്ചെത്താനും കളമൊരുങ്ങി. വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനം വിലയിരുത്തുന്ന മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണൽ (എംഎസ്‍സിഐ) എമർജിങ് മാർക്കറ്റ് (ഇഎം) ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിലാണ് (ഐഎംഐ) ഇന്ത്യ ചരിത്രത്തിലാദ്യമായി ചൈനയെ പിന്തള്ളിയതും ഒന്നാംസ്ഥാനം പിടിച്ചെടുത്തതും.
നിലവിൽ ഇൻഡെക്സിൽ ഇന്ത്യൻ ഓഹരികളുടെ സംയോജിത വെയിറ്റ് 22.27 ശതമാനമാണ്. ചൈനയുടേത് 21.58%. ചൈനീസ് ഓഹരികളുടെ സംയോജിത വിപണിമൂല്യം ഇപ്പോഴും പക്ഷേ 8.14 ലക്ഷം കോടി ഡോളറാണ്. ഇന്ത്യയുടെ 5.03 ലക്ഷം കോടി ഡോളറിനേക്കാൾ 60% അധികം. എന്നിട്ടും, ചൈനീസ് ഓഹരികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഇൻഡെക്സിൽ വെയിറ്റ് വർധിക്കാനും ഒന്നാംസ്ഥാനം നേടാനും ഇന്ത്യക്ക് സാധിച്ചത്. ലാർജ്, സ്മോൾ, മിഡ്ക്യാപ്പ് ഓഹരികളുടെ പ്രകടനമാണ് വിലയിരുത്തുന്നത്. വെയിറ്റിൽ മുന്നിലെത്തിയതോടെ ആകർഷകമായി മാറിയ ഇന്ത്യൻ കമ്പനികളുടെ ഓഹരികളിലേക്ക് കൂടുതൽ വിദേശ നിക്ഷേപമെത്താനും വഴിയൊരുങ്ങി.
റിലയൻസ് ഇൻഡസ്ട്രീസ് (1.22%), ഇൻഫോസിസ് (0.86%), ഐസിഐസിഐ ബാങ്ക് (0.85%) എന്നിവയാണ് സൂചികയിൽ മുന്നിലുള്ള ഇന്ത്യൻ കമ്പനികൾ. തായ്‍വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനി (8.09%) ആണ് ഒന്നാംസ്ഥാനത്ത്. ചൈനീസ് ടെക് കമ്പനിയായ ടെൻസെന്റ് (3.6%), ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് കമ്പനി സാംസങ് (2.96%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.സൂചികയിൽ ചൈനയുടെ വെയിറ്റ് 2020 മുതൽ കുറയുകയും ഇന്ത്യയുടേത് കൂടുകയുമാണ്. 2020ൽ ചൈനയുടെ വിഹിതം 40 ശതമാനമായിരുന്നു