പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബർ അവസാന ആഴ്ചയിലോ നവംബറിലോ നടന്നേക്കും. യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് 150 കോടി മുതൽ 185 കോടി ഡോളർ വരെ (ഏകദേശം 12,600 കോടി രൂപ മുതൽ 15,500 കോടി രൂപവരെ) ഐപിഒ വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗൾഫ് മാധ്യമമായ സോയ റിപ്പോർട്ട് ചെയ്തു.
അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലും സൗദി അറേബ്യൻ ഓഹരി വിപണിയായ തദാവൂളിലുമായി ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ഗ്രൂപ്പ് ആലോചിക്കുന്നത്. ഐപിഒയുടെ നടപടിക്രമങ്ങൾ നിർവഹിക്കാനായി ലുലു ഗ്രൂപ്പ് എമിറേറ്റ്സ് എൻബിഡി കാപ്പിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്സ്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ് എന്നിവയെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ലുലു ഗ്രൂപ്പോ ഐപിഒയ്ക്ക് ചുക്കാൻ പിടിക്കുന്ന ധനകാര്യസ്ഥാപനങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചില്ല