രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറി പോസിറ്റീവ് ക്ളോസിങ് നടത്തി. 25,000 പോയിന്റിനടുത്ത് വ്യാപാരം ആരംഭിച്ച നിഫ്റ്റി 24896 പോയിന്റിൽ പിന്തുണ നേടി 2513 പോയിന്റ് വരെ മുന്നേറിയ ശേഷം 104 പോയിന്റ് നേട്ടത്തിൽ 25041 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 361 പോയിന്റുകൾ മുന്നേറി സെൻസെക്സ് 82,000 പോയിന്റിന് തൊട്ട് താഴെയും ക്ളോസ് ചെയ്തു.
ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ പതുങ്ങി നിന്നപ്പോൾ ഐടി സെക്ടർ ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചു. ഐടി 1.73% മുന്നേറിയപ്പോൾ, ഫാർമ, റിയൽറ്റി, ഇൻഫ്രാ സെക്ടറുകളും 1% നേട്ടമുണ്ടാക്കി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറിയത് റീറ്റെയ്ൽ നിക്ഷേപകർക്ക് അനുകൂലമായി. ക്യാൻസർ പ്രതിരോധ മരുന്നുകൾക്ക് ജിഎസ്ടിയിൽ ഇളവ് പ്രഖ്യാപിച്ചത് ഇന്ന് ഫാർമ സെക്ടറിനും, പലഹാരങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചത് പലഹാര ഓഹരികൾക്കും മുന്നേറ്റം നൽകി.