ഹൈബ്രിഡ് വാഹനങ്ങളുടെ നികുതിയിൽ ഇളവ് ഉടനില്ല

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിലവിലെ 48 ശതമാനത്തിൽ നിന്ന് വെട്ടിക്കുറയ്ക്കണമെന്ന മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ആവശ്യം കേന്ദ്രം ഉടൻ പരിഗണിക്കില്ല. നികുതി നിലവിലെ നിരക്കിൽ തന്നെ ദീർഘകാലത്തേക്ക് തുടരുമെന്ന് ഇന്ത്യയുടെ ജി20 ഉന്നത ഉദ്യോഗസ്ഥ പ്രതിനിധി അമിതാഭ് കാന്ത് പറഞ്ഞു

ഇലക്ട്രിക് കാറുകൾക്ക് 5 ശതമാനവും ഹൈബ്രിഡ് കാറുകൾക്ക് 48 ശതമാനവും നികുതി ഈടാക്കുന്നതിലെ പൊരുത്തക്കേട് നിരവധി വാഹന നിർമാണ കമ്പനികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വാഹന വിപണിയിൽ സമ്പൂർണ വൈദ്യുതീകരണമെന്ന ലക്ഷ്യമാണ് ഇന്ത്യക്കുള്ളതെന്നും അതിനാൽ തൽകാലം നിലവിലെ നികുതിനിരക്കുകൾ തുടരുമെന്നും അമിതാഭ് കാന്ത് പറഞ്ഞു. 2070ഓടെ കാർബൺ ന്യൂട്രൽ ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്കുള്ള ബാറ്ററി നിർമാണം പ്രോത്സാഹിപ്പിക്കുന്നതും. കാർബൺ വികിരണം പൂർണമായും മുക്തമാക്കാനുള്ള ലക്ഷ്യം നേടാൻ വൈദ്യുത വാഹനങ്ങൾക്ക് (ഇവി) മാത്രമേ കഴിയൂ എന്നാണ് പ്രമുഖ ഇവി നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ്, കിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ ഇലക്ട്രിക് കാറുകൾക്ക് 5 ശതമാനവും ഹൈബ്രിഡുകൾക്ക് 28 ശതമാനവുമാണ് ജിഎസ്ടി. വിവിധ സെസ്സുകൾ കൂടിച്ചേരുമ്പോഴാണ് ഹൈബ്രിഡ് കാറുകൾക്ക് നികുതി 48 ശതമാനമാകുന്നത്. അടുത്തിടെ ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് 8-10% രജിസ്ട്രേഷൻ നികുതി ഉത്തർപ്രദേശ് സർക്കാർ എടുത്തുകളഞ്ഞിരുന്നു. ഇത് ഈ കാറുകളുടെ വില 4 ലക്ഷം രൂപയോളം കുറയാനും വഴിയൊരുക്കി. എന്നാൽ ടാറ്റയും ഹ്യുണ്ടായിയും മഹീന്ദ്രയും ഇതിനോടുള്ള എതിർപ്പും വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളെയും അതുവഴി കാർബൺരഹിത ആവാസവ്യവസ്ഥയെന്ന ലക്ഷ്യവും നേടാനുള്ള ശ്രമങ്ങളെ ഇത് പിന്നോട്ടടിക്കുമെന്ന വാദമാണ് ഈ കമ്പനികൾക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *