ഓണക്കാലത്തെ ചെലവുകൾക്കായി 3,000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഓഗസ്റ്റ് 27ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപയാണ് എടുക്കുക. 15 വർഷ തിരിച്ചടവ് കാലാവധിയിൽ 1,000 കോടി രൂപയും 35 വർഷക്കാലാവധിയിൽ 2,000 കോടി രൂപയുമാണ് എടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
പതിവ് ചെലവുകൾക്ക് പുറമേ ഓണത്തിന് കിറ്റ്, ക്ഷേമ പെൻഷൻ, ഉത്സവബത്ത തുടങ്ങിയ ചെലവുകൾക്കായി ഏതാണ്ട് 7,000 കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇ-കുബേർ വഴി കേരളം കടമെടുക്കുന്നത്