റോബട്ടിക് രംഗത്തെ പുതിയ വ്യവസായങ്ങൾക്കായി തൃശൂരിൽ റോബട്ടിക്സ് പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ്. റോബട്ടിക്സ് കുതിപ്പിന് അഞ്ചിന പരിപാടിയും കോൺക്ലേവിന്റെ സമാപനത്തിൽ മന്ത്രി പ്രഖ്യാപിച്ചു.
സംരംഭകരാണ് തൃശൂരിൽ റോബട്ടിക്സ് പാർക്ക് സ്ഥാപിക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. സർക്കാർ വ്യവസായ പാർക്കിന്റെ പദവി ഈ പദ്ധതിക്ക് നൽകും. കെഎസ്ഐഡിസി ധനസഹായവും റോബട്ടിക്സ് വ്യവസായങ്ങൾക്കു ലഭ്യമാക്കും. ഇതിന്റെ ഭാഗമായി 5 സ്റ്റാർട്ടപ്പുകളിൽ ഓഹരി നിക്ഷേപം നടത്തും. സ്റ്റാർട്ടപ്പുകൾക്ക് കെഎസ്ഐഡിസി നൽകുന്ന സ്കെയിൽ അപ് വായ്പ ഒരുകോടിയിൽ നിന്ന് റോബട്ടിക് സംരംഭങ്ങൾക്ക് 2 കോടിയായി ഉയർത്തും.
വിപണി കണ്ടെത്താനും സഹായിക്കും. 4 വിഭാഗങ്ങളിലായിട്ടായിരിക്കും തൃശൂരിലെ റോബട്ടിക്സ് പാർക്ക്. റോബോ ലാൻഡ് എന്ന വിഭാഗത്തിൽ പൊതുജനങ്ങൾക്ക് റോബട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാം. എഐ, ഓഡിയോ-വിഡിയോ റിയാലിറ്റി വഴിയുള്ള വിജ്ഞാന പരിപാടികൾ അവിടെയുണ്ടാകും.