കേരളത്തിൽ നിന്ന് വിമാനക്കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ ഹിന്ദ് എയറിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പ്രവർത്തനാനുമതി ലഭിച്ചെന്ന് സിഎൻബിസി18 റിപ്പോർട്ട് ചെയ്തു.
200-500 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ, ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് അൽ ഹിന്ദ് നടത്തുക. ഇതിനായി എടിആർ വിമാനങ്ങൾ ഉപയോഗിക്കും. തുടക്കത്തിൽ കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകളാണ് ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടംഘട്ടമായി അഖിലേന്ത്യാ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സർവീസുകൾ വ്യാപിപ്പിക്കും. രാജ്യാന്തര സർവീസുകൾക്ക് എയർ ബസിന്റെ എ320 വിമാനങ്ങൾ പ്രയോജനപ്പെടുത്താനാണ് അൽ ഹിന്ദ് ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടുവർഷത്തിനകം 20ലേക്ക് വിമാനങ്ങളുടെ എണ്ണമുയർത്തും. എയർബസ്, ബോയിങ് എന്നിവയുമായി നാരോ-ബോഡി വിമാനങ്ങൾക്കായി അവ് ഹിന്ദ് ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചനകൾ.
ഗൾഫിന് പുറമേ തായ്‍ലൻഡ്, സിംഗപ്പുർ, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളുമാണ് രാജ്യാന്തരതലത്തിൽ അൽ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.