വായ്പ അടച്ചു തീർത്താൽ സിബിൽ സ്കോർ തിരുത്തി നൽകണമെന്നു ഹൈക്കോടതി

ധന സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന വായ്പ, അടച്ചു തീർത്താലും ഇടപാടുകാരുടെ ക്രെഡിറ്റ് റേറ്റിങ് പുതുക്കി നൽകാതിരിക്കുന്നത് അവരുടെ സൽപ്പേരിനെ ബാധിക്കുന്നതിനാൽ സിബിൽ സ്കോർ തിരുത്തി നൽകണമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ, അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണിതെന്നു ബെഞ്ച് അഭിപ്രായപ്പെട്ടു

മുംബൈ ആസ്ഥാനമായുളള ട്രാൻസ് യൂണിയൻ സിബിൽ കമ്പനി നൽകിയ അപ്പീൽ തള്ളിയാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇടപാടുകാർ ക്രെഡിറ്റ് റേറ്റിങ് പുതുക്കി കിട്ടാൻ നൽകിയ ഹർജിയിൽ ധന സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട്ട് തേടി ക്രെഡിറ്റ് റേറ്റിങ് തിരുത്താൻ സിംഗിൾ ജഡ്ജി നിർദേശിച്ചതാണ് അപ്പീലിൽ ചോദ്യം ചെയ്തത്.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ഇൻഫർമേഷൻ നിയമം അനുസരിച്ച് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് ധനസ്ഥാപനങ്ങളിൽ നിന്നു വിവരം സമാഹരിക്കാൻ കഴിയുമെന്നു കോടതി ചൂണ്ടിക്കാട്ടി. ധനസ്ഥാപനങ്ങൾ വായ്പയുടെ വിവരം നൽകണമെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് റിപ്പോർട്ട് പുതുക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതു പ്രകാരം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ റേറ്റിങ് പുതുക്കി നൽകാത്തതു വ്യക്തികളെ ദോഷകരമായി ബാധിക്കുമെന്നും, സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *