പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിൽ വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർഡ് തുകയ്ക്ക് വാങ്ങിയ ഭൂമിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ലുലു ഗ്രൂപ്പ് സജ്ജമാക്കും. തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ നിലവിൽ ലുലുവിന് ഹൈപ്പർമാർക്കറ്റുണ്ട്
തമിഴ്നാട്ടിൽ കൂടുതൽ ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരുമായി അദ്ദേഹം അടുത്തിടെ ചർച്ച നടത്തിയിരുന്നു. ജമ്മു കശ്മീരിൽ പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രവും ലുലു ഗ്രൂപ്പ് സ്ഥാപിച്ചേക്കും.
തമിഴ്നാട്ടിലുടനീളം ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കാൻ ലുലുവിന് പദ്ധതിയുണ്ട്. ആദ്യഘട്ടത്തിൽ ചെന്നൈയിൽ ഷോപ്പിങ് മാൾ സ്ഥാപിക്കാനുള്ള ഭൂമി സംബന്ധിച്ച് തമിഴ്നാട് സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നു.