സർക്കാരിന്റെ‘ കേരള ചിക്കന് ’ പൊതു വിപണിയിലേതിനെക്കാൾ വില?

കോഴിയിറച്ചിയുടെ വിപണി വില പിടിച്ചു നിർത്താനായി സർക്കാർ കൊണ്ടുവന്ന ‘ കേരള ചിക്കന് ’ പൊതു വിപണിയിലേതിനെക്കാൾ വിലയായി. ഇന്നലെ ഒരു കിലോ കേരള ചിക്കന്റെ തിരുവനന്തപുരത്തെ വില 106 രൂപയും പുറത്ത് വിപണിയിലെ ചിക്കൻ വില 102 രൂപയുമായിരുന്നു. വില ഉയർന്നതും തൂക്കം കുറഞ്ഞ കോഴി ലഭിക്കുന്നതും കേരള ചിക്കൻ വിൽക്കാൻ കരാറൊപ്പിട്ട വനിതകളെ കടക്കെണിയിലാക്കി. വില കുറച്ചും കമ്മിഷൻ വർധിപ്പിച്ചും പ്രതിസന്ധി നീക്കണമെന്നാണ് അവരുടെ ആവശ്യം.

കിലോയ്ക്ക് 14 രൂപയാണ് ഇവർക്കു കമ്മിഷൻ. പുറത്തെ കച്ചവടക്കാർക്ക് രണ്ടര കിലോ വരെയുള്ള കോഴി ലഭിക്കുമ്പോൾ ‘ കേരള ചിക്കൻ ’ കോഴി ഒന്നര കിലോയിൽ താഴെയാണെന്നു ഒൗട്‌ലെറ്റുകാർ പറയുന്നു. ഇതു കാരണം വെയ്സ്റ്റേജ് കൂടുകയാണ്. വളർച്ചാസാധ്യതയില്ലാത്ത കോഴിയും നിലവാരമില്ലാത്ത തീറ്റയും തിരഞ്ഞെടുക്കുന്നതാണ് കാരണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബജറ്റിൽ പ്രഖ്യാപിച്ചാണ് കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേന കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. നൂറിലേറെ ഒൗട്‌ലെറ്റുകളും മൂന്നൂറോളം ഫാമുകളും പദ്ധതിക്കു കീഴിലുണ്ട്. ദിവസേന 25,000 കിലോ കോഴിയിറച്ചി വിൽക്കുന്നുണ്ടെന്നാണു സർക്കാരിന്റെ കണക്ക്. പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കാനുമാണ് പദ്ധതി ആരംഭിച്ചതെങ്കിലും ഇൗ രണ്ടു ലക്ഷ്യത്തിലും വെള്ളം ചേർത്തെന്നാണു പരാതി.

Leave a Reply

Your email address will not be published. Required fields are marked *