ബോളിവുഡ് താരങ്ങളും വമ്പൻ കോർപറേറ്റുകളും രാജ്യത്തെ ഫ്രാഞ്ചൈസി സ്പോർട്സ് ലീഗുകളിൽ കോടികൾ എറിയുന്ന വഴിയിലൂടെയാണു കേരളത്തിലെ ചലച്ചിത്ര – കോർപറേറ്റ് ലോകവും. കേരളത്തിൽ വേരു പിടിക്കുന്ന ഫ്രാഞ്ചൈസി സ്പോർട്സ് ലീഗുകളിൽ ചലച്ചിത്ര മേഖല നിക്ഷേപിക്കുന്നത് ആവേശപൂർവം. നടനും നിർമാതാവുമായ പൃഥ്വിരാജാണ് എസ്എൽകെയിലെ നിക്ഷേപത്തിന് ആദ്യം താരത്തിളക്കം നൽകിയത്.
പൃഥ്വിരാജിനു പിന്നാലെ ചലച്ചിത്ര വ്യവസായത്തിൽ നിന്നു സ്പോർട്സ് ബിസിനസിൽ നിക്ഷേപം നടത്താൻ നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫനും. സൂപ്പർലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ തൃശൂർ റോർ എഫ്സിയുടെ ഭൂരിപക്ഷ ഓഹരി ഉടമ ആയാണു ലിസ്റ്റിന്റെ അരങ്ങേറ്റം.
ഓസ്ട്രേലിയൻ ഫുട്ബോൾ ടീമായ ബ്രിസ്ബെയ്ൻ റോർ സിഇഒ കാസ് പടാഫ്ത, മാഗ്‌നസ് സ്പോർട്സിലെ ബിനോയിറ്റ് ജോസഫ്, നുസിം ടെക്നോളജീസിലെ മുഹമ്മദ് റഫീഖ് എന്നിവരാണു സഹ ഉടമകൾ. മോളിവുഡ് ചലച്ചിത്ര മേഖലയിൽ നിന്നു കൂടുതൽ പ്രമുഖർ എസ്എൽകെ ടീമുകളിൽ നിക്ഷേപത്തിന് ഒരുങ്ങുന്നതായാണു സൂചന. ചലച്ചിത്ര താരങ്ങളുടെയും കോർപറേറ്റുകളുടെയും വരവു കേരളത്തിലെ സ്പോർട്സ് വികസനത്തിനും കൂടുതൽ കാണികളെ ആകർഷിക്കാനും സഹായിക്കുമെന്നാണു വിലയിരുത്തൽ.പുതുതായി ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലും (കെസിഎൽ) താര നിക്ഷേപമുണ്ട്. സംവിധായകരായ പ്രിയദർശനും സോഹൻ റോയിയുമാണു ടീമുകളെ സ്വന്തമാക്കിയത്.