ഓഹരി വിപണിയിലെ ഇൻട്രാ-ഡേ വ്യാപാരം (ഓഹരി വാങ്ങുന്ന ദിവസം തന്നെ വിൽക്കുക) നഷ്ടക്കണക്കുകളുടേതാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI).2022-23ലെ വ്യക്തിഗത ഓഹരി നിക്ഷേപകരിൽ 70 ശതമാനം പേരും നേരിട്ടത് നഷ്ടം. അതായത്, 10ൽ 7 നിക്ഷേപരും നഷ്ടത്തിലായിരുന്നു. ഇക്വിറ്റി ക്യാഷ് ശ്രേണിയിൽ (പണം ഉടൻ ഓഹരികളായും ഓഹരി തിരികെ ഉടൻ പണമാക്കിയും മാറ്റുന്ന ശ്രേണി. ഇക്വിറ്റി ഫ്യൂച്ചേഴ്സ് ശ്രേണിയിൽ ഓഹരി കൈമാറ്റം പിന്നീടായിരിക്കും നടക്കുക) മൂന്നിലൊന്ന് പേരും ഇൻട്രാ-ഡേ ഇടപാടാണ് നടത്തുന്നത്.
ഇൻട്രാ-ഡേ വ്യാപാരം റിസ്ക് നിറഞ്ഞതാണെന്ന അവബോധം സൃഷ്ടിക്കുകയാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയ 70 ശതമാനം പേരും നഷ്ടമാണ് നേരിട്ടതെന്ന് റിപ്പോർട്ട് പറയുന്നു