ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) നേരിട്ടത് ലാഭത്തകർച്ച.
മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 4.5 ശതമാനം ഇടിവുമായി 17,445 കോടി രൂപയുടെ സംയോജിത ലാഭമാണ് ഇക്കുറി റിലയൻസ് നേടിയത്. പാദാടിസ്ഥാനത്തിൽ ലാഭം കുറഞ്ഞത് 18 ശതമാനമാണ്.വരുമാനം 11.5 ശതമാനം ഉയർന്ന് 2.58 ലക്ഷം കോടി രൂപയായിട്ടുണ്ട്. നികുതിയും പലിശയും ഉൾപ്പെടെയുള്ള ബാധ്യതകൾക്ക് ശേഷമുള്ള ലാഭം (എബിറ്റ്ഡ/EBITDA) രണ്ട് ശതമാനം ഉയർന്ന് 42,748 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ പക്ഷേ, 1.50 ശതമാനം ഇടിഞ്ഞ് 16.6 ശതമാനത്തിലെത്തി. അതേസമയം, റിലയൻസിന്‍റെ കടബാധ്യത 3.2 ലക്ഷം കോടി രൂപയിൽ നിന്ന് 3 ലക്ഷം കോടി രൂപയായി കുറഞ്ഞു.