ഓൺലൈനിൽ ഓർഡർ ചെയ്ത് ഇനി മദ്യവും വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ ഒരുക്കം തുടങ്ങി. ബിഗ്ബാസ്കറ്റ്, ബ്ലിൻകിറ്റ് എന്നീ ഡെലിവറി കമ്പനികളുമായും സഹകരിച്ച് പരീക്ഷണാർത്ഥമാണ് പദ്ധതി നടപ്പാക്കുക. കേരളത്തിന് പുറമേ ഡൽഹി, ഹരിയാന, കർണാടക, പഞ്ചാബ്, ഗോവ, തമിഴ്നാട് എന്നിവയാണ് പദ്ധതി ആലോചിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഓൺലൈൻ മദ്യവിതരണത്തിന്‍റെ ആദ്യഘട്ടത്തിൽ ബീയറും വൈനുമായിരിക്കും കമ്പനികൾ വീട്ടിലെത്തിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി ഓൺലൈൻ ഡെലിവറി കമ്പനികളുമായും മദ്യനിർമാണ കമ്പനികളുമായും സംസ്ഥാന സർക്കാരുകൾ ചർച്ചകൾ തുടരുകയാണ്. ഓൺലൈൻ വഴി ഓർഡർ സ്വീകരിച്ച് മദ്യവിതരണം നടത്തുമ്പോഴുള്ള ഗുണവും ദോഷവുമാണ് പ്രധാനമായും ചർച്ചാവിഷയം.പരമ്പരാഗത മദ്യക്കടകളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങാൻ പ്രയാസമുള്ള മുതിർന്ന വ്യക്തികൾ, സ്ത്രീകൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് പ്രയോജനകരമാകും വിധം പദ്ധതി നടപ്പാക്കാനാണ് ശ്രമം.ഉപയോക്താക്കളുടെ പ്രായം, മദ്യവിതരണത്തിന് അനുവദിച്ചിട്ടുള്ള സമയം, മദ്യ നിരോധിത മേഖലകൾ, ഡ്രൈ ഡേ തുടങ്ങി നിലവിൽ മദ്യ വിതരണത്തിനുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന വെല്ലുവിളിയുണ്ട്.
അതേസമയം, ഓൺലൈൻ മദ്യവിതരണ പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.