ആന്ധ്രായിൽ ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിലെ പ്രമുഖ തുറമുഖ, വ്യാവസായിക നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്‍റെ നിലപാടുകൾ മൂലം നിലച്ചുപ്പോയ പദ്ധതിക്ക് പുതുജീവനേകാനാണ് ചന്ദ്രബാബു നായിഡുവിന്‍റെ ശ്രമം. ലുലു ഗ്രൂപ്പ് അധികൃതരുമായി ഇത് സംബന്ധിച്ച് ചർച്ചകൾക്ക് ഒരുങ്ങുകയാണ് ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി സർക്കാർ.

2014 മുതൽ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിശാഖപട്ടണത്ത് 2,200 കോടി രൂപയുടെ പദ്ധതികൾക്ക് പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയാറെടുത്തത്. രാജ്യാന്തര കൺവെൻഷൻ സെന്‍റർ, ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയായിരുന്നു പദ്ധതിയിൽ. ഇതിനായി വിശാഖപട്ടണത്തെ ശ്രദ്ധേയമായ ആർകെ ബീച്ചിന് സമീപം 14 ഏക്കറോളം ഭൂമിയും അനുവദിക്കാൻ ടിഡിപി സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, 2019ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ജഗൻ, ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചു. ഇതോടെ ആന്ധ്രയിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് ലുലു ഗ്രൂപ്പ് പിൻവാങ്ങുകയായിരുന്നു.

ആന്ധ്രയിൽ നിന്ന് പിൻവാങ്ങിയ ലുലു ഗ്രൂപ്പ് അയൽസംസ്ഥാനമായ തെലങ്കാനയിലെ ഹൈദരാബാദിൽ 300 കോടി നിക്ഷേപത്തോടെ ഷോപ്പിംഗ് മാൾ തുറന്നു. പുറമേ 3,000 കോടിയിൽപ്പരം രൂപയുടെ അധിക നിക്ഷേപ പദ്ധതികളും തെലങ്കാനയിൽ ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ലുലു ഗ്രൂപ്പ് പിന്നീട് ഉത്തർപ്രദേശ്, ജമ്മു കശ്മീർ, തമിഴ്നാട്, കേരളം അടക്കം സംസ്ഥാനങ്ങളിലും പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു.

വിവിധ സംസ്ഥാനങ്ങളിൽ ലുലു ഗ്രൂപ്പ് സജീവമായി നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ, ആന്ധ്രയ്ക്കും അതിന്‍റെ പ്രയോജനം ലഭിക്കാനായാണ് ലുലു ഗ്രൂപ്പുമായി വീണ്ടും ചർച്ചകൾക്ക് ചന്ദ്രബാബു നായിഡു ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *