വിഴിഞ്ഞം തുറമുഖം ദേശീയ ശ്രദ്ധയാകർഷിക്കുമ്പോൾ ചരക്കുനീക്കത്തിൽ പുത്തനുയരത്തിൽ കൊച്ചി തുറമുഖം

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ദേശീയ ശ്രദ്ധയാകർഷിച്ച് ആദ്യഘട്ട കമ്മിഷനിങ്ങിന് സജ്ജമാകുന്നതിനിടെ, ചരക്കുനീക്കത്തിൽ പുത്തനുയരം തൊട്ട് കൊച്ചി തുറമുഖം. കൊച്ചിയിൽ വല്ലാർപാടത്തെ രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്‍റ് ടെർമിനൽ വഴിയുള്ള കണ്ടെയ്നർ നീക്കം ജൂണിൽ 79,044 ടിഇയുവിലെത്തിയെന്ന്കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് വിഭാഗത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കി.ഇത് സർവകാല റെക്കോർഡാണ്. ഈ വർഷം മാർച്ചിലെ 75,370 ടിഇയു എന്ന റെക്കോർഡാണ് പഴങ്കഥയായത്. കേരളത്തിലെ ഏക പൊതുമേഖലാ മേജർ തുറമുഖമായ കൊച്ചിയിലെ ഐസിടിടിയുടെ നിയന്ത്രണ ചുമതല നിർവഹിക്കുന്നത് ഡിപി വേൾഡാണ്

നടപ്പ് സാമ്പത്തിക വർഷം (2024-25) ഏപ്രിൽ-ജൂണിൽ കൊച്ചി തുറമുഖം വഴിയുള്ള മൊത്തം ചരക്കുനീക്കം മുൻവർഷത്തെ സമാനകാലത്തേക്കാൾ 6.21 ശതമാനം വർധിച്ച് 9.32 മില്യൺ മെട്രിക് ടണ്ണായിട്ടുണ്ട്. പെട്രോളിയം, പെട്രോളിയം അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ നീക്കം 9.90 ശതമാനം ഉയർന്ന് 5.93 മില്യൺ മെട്രിക് ടണ്ണായി. ഇക്കാലയളവിൽ 2.12 ലക്ഷം ടിഇയു കണ്ടെയ്നറുകളും കൈകാര്യം ചെയ്തു; വർധന 22.94 ശതമാനം.കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) ആകെ 36.32 മില്യൺ മെട്രിക് ടൺ ചരക്ക് കൊച്ചി തുറമുഖം കൈകാര്യം ചെയ്തിരുന്നു. ഇത് റെക്കോർഡാണ്. ഇക്കഴിഞ്ഞ ഏപ്രിൽ-ജൂണിലെ ട്രെൻഡ് തുടരാനായാൽ നടപ്പുവർഷം ചരക്കുനീക്കത്തിൽ പുതിയ ഉയരം കുറിക്കാൻ കൊച്ചി തുറമുഖത്തിന് കഴിയും.

മദർഷിപ്പുകളിൽ നിന്ന് ചെറു വെസ്സലുകളിലേക്കും തിരിച്ചും ചരക്കുകൾ കൈമാറി വിദേശ, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീക്കം ചെയ്യുന്ന ട്രാൻസ്ഷിപ്പ്മെന്‍റ് ടെർമിനലാണ് വിഴിഞ്ഞത്ത് അദാനി പോർട്സ് സജ്ജമാക്കുന്നത്. 20-24 മീറ്റർ സ്വാഭാവിക ആഴമുള്ള വിഴിഞ്ഞത്ത്, 800 മീറ്റർ നീളമുള്ള ബെർത്താണ് ആദ്യഘട്ടത്തിൽ സജ്ജമാകുന്നത്. ഇന്ത്യയിലെ ആദ്യ രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്‍റ് ടെർമിനലായ വല്ലാർപാടത്ത് ആഴം നിലവിൽ 14.5 മീറ്ററും ബെർത്ത് 600 മീറ്ററുമാണ്.
വിഴിഞ്ഞത്ത് രണ്ടാംഘട്ടത്തോടെ ബെർത്ത് രണ്ട് കിലോമീറ്ററിലേക്ക് ഉയർത്താനാണ് പദ്ധതി.
കൊച്ചിയിലെ ആഴം 16 മീറ്ററിലേക്ക് കൂട്ടാനുള്ള പദ്ധതികളാണ് കൊച്ചി തുറമുഖ അതോറിറ്റി ആസൂത്രണം ചെയ്യുന്നത്. ഇതിനായുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വൻകിട കപ്പലുകൾ (മദർഷിപ്പുകൾ) അടുപ്പിക്കണമെങ്കിൽ കുറഞ്ഞത് 16-18 മീറ്റർ ആഴവും 800 മീറ്റർ ബെർത്തും അനിവാര്യമാണ്. അധികമായി 350 മീറ്റർ സജ്ജമാക്കി ബെർത്തിന്‍റെ നീളം ഉയർത്താനും പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *