നല്ല പുതുപുത്തൻ ആപ്പിൾ ഐഫോൺ, മികച്ച ഫീച്ചറുകളുള്ള ഡെല്ലിന്‍റെയും ലെനോവോയുടെയും ലാപ്ടോപ്പുകൾ, സാംസങ് സ്മാർട്ട്ഫോണുകൾ തുടങ്ങി കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വീട്ടുപകരണങ്ങളും വരെ ലേലത്തിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ഇതാ അവസരം. കൊച്ചി വിമാനത്താവള (സിയാൽ) അധികൃതരാണ് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന വസ്തുക്കൾ ലേലം ചെയ്യാനൊരുങ്ങുന്നത്. ഇതിനായുള്ള ടെൻഡർ വിളിച്ചിട്ടുണ്ട്. 1,500 രൂപയാണ് ടെൻഡർ ഫീസ്. ജൂലൈ 17നാണ് ലേലം.
കളിപ്പാട്ടം, കത്തി, പെൻസിൽ, പ്ലേറ്റ്, ബൈബിൾ, വസ്ത്രങ്ങൾ, തേപ്പുപെട്ടി, ബാഗുകൾ, ടിവി സ്റ്റാൻഡ്, ക്യാമറ ഘടകങ്ങൾ, ടിവി, ഷൂസ്, വിവിധ ചാർജറുകൾ, ഇയർബഡ്, ടയർ, കീബോർഡ്, വാച്ച് തുടങ്ങി പുതിയതും ഉപയോഗിച്ചതുമായ 202 വസ്തുക്കളാണ് പട്ടികയിലുള്ളത്. ആപ്പിൾ ഐഫോൺ 11 പ്രൊ മാക്സ്, ഐഫോൺ 12 പ്രൊ ഗ്രാഫൈറ്റ്, 12 പ്രൊ ഗോൾഡ്, മാക്സ്ബുക്ക് എയർ 13 ഇഞ്ച്, മാക്ബുക്ക് പ്രൊ 16 ഇഞ്ച് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.
ഇവയുടെ നിലവിലുള്ള സ്ഥിതി നിലനിർത്തിയാണ് ലേലം. പോരായ്മകളുണ്ടെങ്കിൽ അത് അംഗീകരിച്ച് വേണം ലേലത്തിൽ പങ്കെടുക്കുന്നയാൾ വാങ്ങേണ്ടത്. ജൂലൈ 11ന് സാധനങ്ങൾ പരിശോധിക്കാം. വിമാനത്താവളങ്ങളിൽ കസ്റ്റംസ് ക്ലിയറിയൻസ് കിട്ടാതെ കിടക്കുന്ന സാധനങ്ങൾക്ക് അവകാശികൾ എത്തുന്നില്ലെങ്കിലാണ് കസ്റ്റംസ് നിയമപ്രകാരം ലേലം ചെയ്യുന്നത്.