കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ആദ്യ ഓഹരി വിൽപനയ്ക്ക് (ഐപിഒ). സ്ഥാപന–വ്യക്തിഗത നിക്ഷേപകരിൽ നിന്ന് 25000 കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ എൽഐസിയുടെ ഓഹരി വിൽപന 21000 കോടിക്കായിരുന്നു.ഇതു സംബന്ധിച്ച ആദ്യ നടപടിക്രമമായ ഡ്രാഫ്റ്റ് റെഡ്ഹെറിങ് പ്രോസ്പെക്ടസ് സെബിക്ക് സമർപ്പിച്ചു.
പ്രമോട്ടർമാരുടെ കൈവശമുള്ള 13% ഓഹരികളാണു വിൽക്കുന്നത്. ലിസ്റ്റ് ചെയ്യുമ്പോൾ 10 രൂപ മുഖവിലയുള്ള 14.2 കോടി ഓഹരികൾ വിപണിയിലെത്തും. അതിൽ 15% സ്ഥാപന നിക്ഷേപകർക്കും 50% ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും (ക്യൂഐബി), ബാക്കി 35% വ്യക്തിഗത നിക്ഷേപകർക്കുമാണ്.
ഇന്ത്യൻ വിപണി വളരെ വലുതായതിനാൽ കൊറിയയിൽ ലഭിക്കുന്നതിനെക്കാൾ മൂല്യം ഇവിടെ ലഭിക്കുമെന്നതാണ് കൊറിയൻ കമ്പനി ഇന്ത്യയിൽ ഐപിഒ നടത്താനുള്ള കാരണം. കൊറിയൻ കമ്പനികൾക്ക് സ്വന്തം രാജ്യത്തിൽ മറ്റു രാജ്യങ്ങളിലെപ്പോലെ വൻ മൂല്യം ലഭിക്കാറില്ല. കൊറിയൻ ഡിസ്കൗണ്ട് എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. അതിനാൽ 13% ഓഹരികൾ ഇന്ത്യയിൽ വിറ്റഴിച്ചാലും ബാക്കിയുള്ള ഓഹരികളുടെ മൂല്യം നിലവിലുള്ളതിലും ഉയരുകയേയുള്ളു.ഇന്ത്യയിൽ 2 പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഹ്യുണ്ടായ്ക്ക് 2022–23 സാമ്പത്തിക വർഷത്തിലെ വരുമാനം 60310 കോടിയും ലാഭം 4710 കോടിയുമാണ്.