റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ വീഴ്ചയിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി നേരിയ നഷ്ടം കുറിച്ചു. ആദ്യ മണിക്കൂറിൽ തന്നെ 24236 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 18 പോയിന്റുകൾ നഷ്ടമാക്കി 24123 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഇന്ന് 79855 പോയിന്റ് വരെ ഉയർന്ന സെൻസെക്‌സും 34 പോയിന്റ് നഷ്ടമാക്കി 79441 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഐടി സെക്ടർ 1%ൽ കൂടുതൽ നേട്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ ബാങ്കിങ്, ഓട്ടോ സെക്ടറുകൾ 0.80% നഷ്ടവും കുറിച്ചു. ഗോദ്‌റെജ് പ്രോപ്പർട്ടീസിന്റെ നേതൃത്വത്തിൽ റിയൽറ്റി സെക്ടറും നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫ്രാ, എനർജി സെക്ടറുകളും ഇന്ന് മുന്നേറി.
എച്ച്ഡിഎഫ്സി ബാങ്ക് തിരിച്ചു കയറി പുതിയ ഉയരങ്ങൾ കുറിച്ചപ്പോൾ ഹിൻഡൻബർഗ് പരാമർശത്തിൽ വീണ കൊട്ടക് മഹീന്ദ്ര ബാങ്കിനൊപ്പം അക്സിസ് ബാങ്കും, ഐസിഐസിഐ ബാങ്കും വീണതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെയും വീഴ്ചക്ക് ആധാരമായത്. അദാനി ഓഹരികളും ഇന്ന് നഷ്ടം കുറിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് 406 പോയിന്റുകൾ നഷ്ടമാക്കി റെക്കോർഡ് ഉയരത്തിൽ നിന്നും 1000 പോയിന്റുകൾ താഴെ 52168 പോയിന്റിലാണ് ക്ളോസ് ചെയ്തത്.