ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രനുമതി

ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റഗറിക്കു കേന്ദ്രസർക്കാരിന്റെ അനുമതിയായി. ഇതിനായി കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. ‘എൽ2–5’ എന്ന പുതിയ വിഭാഗത്തിലാണ് ഇത്തരം വാഹനങ്ങളെ പരിഗണിക്കുക. ഒരേ വാഹനം സ്കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന ആശയം ഹീറോ മോട്ടോകോർപിന്റെ കീഴിലുള്ള ‘സർജ്’ എന്ന സ്റ്റാർട്ടപ് ഈയിടെ അവതരിപ്പിച്ചിരുന്നു. ഈ വാഹനം ഇനി റോഡിലിറക്കാം.

രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒന്നാന്തരമൊരു ഇലക്ട്രിക് ഓട്ടോ. വൈകുന്നേരം അതിലൊരു സ്വിച്ച് ഞെക്കിയാൽ ഓട്ടോയിൽ നിന്നൊരു സ്കൂട്ടർ ഇറങ്ങിവരും. ഓട്ടോയുടെ ബാക്കി ഭാഗം ചാർ‌ജിങ്ങിനു കുത്തിയിട്ടിട്ട് സ്കൂട്ടർ ഓടിച്ചുപോകാം. സ്കൂട്ടറിനും പ്രത്യേകം ബാറ്ററി പാക്കുണ്ട്. തിരികെവന്നു സ്കൂട്ടർ കയറ്റിവച്ച് സ്വിച്ച് ഞെക്കിയാൽ വീണ്ടും ഓട്ടോയായി.

ഒരു രൂപത്തിൽനിന്നു മറ്റൊന്നിലേക്കു മാറ്റാൻ 3 മിനിറ്റു മതി. പാസഞ്ചർ, പിക്കപ് അടക്കം 4 മോഡലുകളുണ്ട്. സ്കൂട്ടറിനും ഓട്ടോയ്ക്കും ഒരേ റജിസ്ട്രേഷൻ നമ്പറാണ് ഉണ്ടാവുക. സ്കൂട്ടറിന് 60 കിലോമീറ്ററാണു പരമാവധി വേഗം. ഓട്ടോയായാണ് ഓടുന്നതെങ്കിൽ ഇത് 45 കിലോമീറ്ററാണ്. 2020ലാണ് ഹീറോ ക്വാർക്ക് 1 എന്ന പേരിൽ ഈ കൺസപ്റ്റ് പുറത്തിറക്കിയത്. വില പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *