കൊച്ചിൻ ഷിപ്പ്‍യാർഡിന്‍റെ ഉപകമ്പനി 550 കോടിയുടെ ഓർഡറുകൾക്ക് കരാർ ഒപ്പുവച്ചു

കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്‍റെ ഉപകമ്പനി ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിന് വീണ്ടും നോർവേ കമ്പനിയിൽ നിന്ന് ഓർഡർ. ഖരവസ്തുക്കൾ (ഡ്രൈ കാർഗോ) കൈകാര്യം ചെയ്യുന്ന നാല് 6300 ടിഡിഡബ്ല്യു ഡ്രൈ കാർഗോ വെസ്സലുകൾക്കുള്ള ഓർഡറാണ് ലഭിച്ചത്.

ഇത് സംബന്ധിച്ച കരാർ നോർവേ കമ്പനിയായ വിൽസൻ എഎസ്എയുമായി ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ് ഒപ്പുവച്ചു. 550 കോടി രൂപയുടേതാണ് കരാർ. ഇതേ വെസ്സലുകൾ മറ്റൊരു നാലെണ്ണം കൂടി രൂപകൽപന ചെയ്ത് നിർമിക്കാനുള്ള കരാർ ഈ വർഷം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതോടെ, മൊത്തം എട്ട് വെസ്സലുകളാകും. മൊത്തം ഓർഡർ മൂല്യം 1,100 കോടി രൂപയുമാകും. ഇതേ കമ്പനിക്ക് ആറ് 3800 ടിഡിഡബ്ല്യു ഡ്രൈ കാർഗോ വെസ്സലുകൾ രൂപകൽപന ചെയ്ത് നിർമിച്ച് നൽകാനുള്ള കരാർ 2023 ജൂണിലും ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിന് ലഭിച്ചിരുന്നു.

മികച്ച നിലവാരത്തോടെയും സമയബന്ധിതമായും വെസ്സൽ നിർമിച്ച് കൈമാറാനുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിന്‍റെ മികവാണ് വീണ്ടും ഓർഡർ ലഭിക്കാൻ വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ. യൂറോപ്പിന്‍റെ തീരമേഖലകളിലൂടെ ചരക്കുകൾ നീക്കം ചെയ്യാനുദ്ദേശിക്കുന്നതാണ് 6,300 മെട്രിക് ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള 6300 ടിഡിഡബ്ല്യു ഡ്രൈ കാർഗോ വെസ്സൽ. ഡീസൽ-ഇലക്ട്രിക് വെസ്സലാണിത്. 2028 സെപ്റ്റംബറിനകമാണ് വെസ്സലുകൾ നിർമിച്ച് കൈമാറേണ്ടത്

2020 സെപ്റ്റംബറിലാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിനെ ഏറ്റെടുത്തത്. തുടർന്ന്, വിദേശ കരാറുകളടക്കം നിരവധി ഓർഡറുകൾ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.നോർവേ കമ്പനിയിൽ നിന്ന് പുതിയ ഓർഡർ കൂടി ലഭിച്ചതോടെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിന്‍റെ കൈവശമുള്ള മൊത്തം ഓർഡറുകൾ 1,000 കോടി രൂപ കവിഞ്ഞു. മാതൃകമ്പനിയായ കൊച്ചിൻ ഷിപ്പ്‍യാർഡിന്‍റെ കൈവശം കഴിഞ്ഞ മാർച്ച് പാദത്തിലെ കണക്കുപ്രകാരം 22,000 കോടി രൂപയുടെ ഓർഡറുകളുണ്ട്.

യൂറോപ്പിലെ മുൻനിര ഷിപ്പിംഗ് കമ്പനികളിലൊന്നാണ് വിൽസൻ എഎസ്എ. 130ഓളം വെസ്സലുകൾ നിലവിൽ കമ്പനിയുടെ കീഴിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *