കളക്ഷന്‍ വിവരങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ സംഘടന.

സിനിമയുടെ കളക്ഷന്‍ വിവരങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന. ഇത്തരത്തില്‍ യഥാര്‍ത്ഥ കണക്ക് മറച്ചുവച്ച് കളക്ഷന്‍ കൂട്ടിക്കാണിക്കുന്നതിനായി ആളെക്കയറ്റുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുന്ന പ്രവണതയല്ലെന്നും അതിനെതിരെ നടപടി എടുക്കുമെന്നും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് തീരുമാനം.

സിനിമ കളക്ഷന്‍ സംബന്ധിച്ച് വ്യാജ കണക്കുകള്‍ പ്രചരിപ്പിക്കുന്ന പിആര്‍ ഏജന്‍സികള്‍ക്കെതിരെയും നിര്‍മ്മാതാക്കളുടെ സംഘടന നിയമ നടപടി ആലോചിക്കുന്നുണ്ട്. സിനിമാ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളെ സമീപിക്കാനും നിര്‍മ്മാതാക്കളുടെ സംഘടന യോഗത്തില്‍ തീരുമാനമായി.

അതേ സമയം തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് സിനിമകള്‍ വാങ്ങുവാന്‍ ആരെയും ഇടനിലക്കാരായി നിയമിച്ചിട്ടില്ലെന്ന് ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ അറിയിച്ചിരുന്നു. അടുത്തിടെ ഒടിടി അവകാശം വിൽക്കാമെന്ന് അവകാശപ്പെട്ട് നിർമാതാക്കളുടെ പക്കൽനിന്ന് ഒരു സംഘം ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ബന്ധപ്പെട്ടപ്പോഴാണ് ജിയോ സിനിമ തങ്ങളുടെ ഭാഗം വ്യക്തമാക്തിയത്.
നിലവില്‍ ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ വാങ്ങുന്ന കമ്പനികളുടെ പേരിലും, ഇത്തരത്തില്‍ രംഗത്ത് വരാനിരിക്കുന്ന കമ്പനികളുടെയും പേരിലാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോടികള്‍ മുടക്കി ചലച്ചിത്രം എടുത്തിട്ടും സാറ്റ്‌ലൈറ്റ്, ഒടിടി അവകാശങ്ങള്‍ വിറ്റുപോകാത്ത നിര്‍മ്മാതാക്കളെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്.

അതേ സമയം ഒരു സിനിമ തീയറ്ററില്‍ ഇറക്കിയാലും. അതിന്‍റെ തീയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം അതിന് ഒരു ലൈഫ് നല്‍കുന്ന റിലീസായിരുന്നു ഒടിടി റിലീസുകള്‍. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കും ഒടിടി റിലീസ് വലിയ ആശ്വാസമായിരുന്നു. ഒരു വലിയ വരുമാനം ആ വഴിയും വരുന്നു. ചിലപ്പോള്‍ തീയറ്ററില്‍ വലിയ ലാഭം ഉണ്ടാകാതിരുന്ന ചിത്രങ്ങള്‍ക്ക് ഒടിടി വില്‍പ്പന വലിയ ലാഭം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒടിടിയുടെ ഈ നല്ലകാലം മലയാളത്തില്‍ കഴിഞ്ഞുവെന്നാണ് അടുത്തിടെ പല ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച് വിവിധ മീഡിയ റിപ്പോര്‍ട്ടുകളും വന്നിരുന്നു.

വന്‍ ഹിറ്റായ മലയാള ചിത്രങ്ങള്‍ പോലും വലിയ വിലപേശലിന് ശേഷമാണ് അടുത്തിടെ ഒടിടിയില്‍ വിറ്റുപോയത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. വലിയ താരങ്ങള്‍ ഉണ്ടായിട്ടും പല വന്‍ ചിത്രങ്ങളും ഇതുവരെ ഒടിടിയില്‍ വന്നിട്ടും ഇല്ല. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഇത് മുതലെടുക്കാന്‍ മലയാള സിനിമ രംഗത്ത് ചില തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *