വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയുടെ സ്വർണ ശേഖരം 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വർഷം മാർച്ച് അവസാനത്തോടെ ഇന്ത്യയുടെ സ്വർണശേഖരത്തിൽ 47 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 2017ന് ശേഷം ആദ്യമായാണ് വിദേശത്തെ സ്വർണ ശേഖരത്തിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസം ആദ്യം ബ്രിട്ടനിൽ നിന്ന് 100 ടൺ സ്വർണം റിസർവ് ബാങ്ക് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇതോടെയാണ് സ്വർണ ശേഖരം കുറഞ്ഞത്.
റഷ്യ-ഉക്രെയ്ൻ യുദ്ധം കണക്കിലെടുത്ത്, റിസർവ് ബാങ്ക് 2022 മാർച്ച് മുതൽ വിദേശത്തുള്ള സ്വർണ ശേഖരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ തുടങ്ങിയിരുന്നു. റഷ്യൻ വിദേശ കറൻസി ആസ്തികൾ മരവിപ്പിക്കാൻ യുഎസ് സർക്കാർ ഉത്തരവിട്ടതിന് ശേഷമാണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. വിദേശത്ത് സൂക്ഷിക്കുന്ന ആസ്തി സുരക്ഷിതമല്ലെന്ന തോന്നലിനെ തുടർന്നാണ് ഇന്ത്യ സ്വർണ ശേഖരം തിരികെയെത്തിക്കുന്നതിന് തീരുമാനിച്ചത്. അതിനുശേഷം മാർച്ച് 2024 വരെ അവസാനമായപ്പോഴേക്കും ഇന്ത്യയുടെ സ്വർണശേഖരം 822.1 ടണ്ണിലെത്തി. ഇന്ത്യയുടെ ആഭ്യന്തര സംഭരണശേഷി കൂടുതലാണെന്നും അതിൽ കൂടുതലൊന്നും സ്വർണം തിരികെ കൊണ്ടുവരുന്നതിൽ ഇല്ലെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
1990-91 ലെ ഇന്ത്യയുടെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത്, 405 മില്യൺ ഡോളർ വായ്പ ലഭിക്കുന്നതിനായി രാജ്യം തങ്ങളുടെ സ്വർണ്ണ ശേഖരത്തിന്റെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം വെച്ചിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും സൗകര്യാർത്ഥം സ്വർണം യുകെയിൽ സൂക്ഷിക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. കർശനമായ സുരക്ഷാ നടപടികൾക്ക് പേരുകേട്ട ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് ഇന്ത്യയുടെ സ്വർണ്ണ ശേഖരം സൂക്ഷിച്ചിരിക്കുന്നത്. ഇതിനുപുറമെ, സ്വിറ്റ്‌സർലൻഡിലെ ബാസലിലുള്ള ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെന്റ് , യുഎസിലെ ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്ക് എന്നിവിടങ്ങളിലും ആർബിഐ സ്വർണം സൂക്ഷിച്ചിട്ടുണ്ട്.