ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ;സർക്കാരിന് ലാഭവിഹിതം 36 കോടി

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന് ഈ വര്‍ഷം 36 കോടി രൂപയുടെ ലാഭവിഹിതമാണ് കെഎഫ്സി പ്രഖ്യാപിച്ചത്. ജൂൺ 24ന് തിരുവനന്തപുരത്ത് ചേർന്ന കെഎഫ്‌സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 രൂപ യാണ് ലാഭവിഹിതം. കെഎഫ്‌സിയുടെ 99ശതമാനം ഓഹരികൾ സംസ്ഥാന സർക്കാരിന്റേതാണ്. സിഡ്ബി, എസ്ബിഐ എൽഐസി എന്നവയാണ് മറ്റ് ഓഹരിയുടമകളിൽ

കെ എഫ് സി അറ്റാദായത്തിൽ ഗണ്യമായ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. അറ്റാദായം 74.04 കോടി രൂപയിലെത്തി. മുൻവർഷത്തെ 50.19 കോടി രൂപയിൽ നിന്ന് 47.54 ശതമാനം ആണ് വർധനവ്. വായ്പാ ആസ്തി ആദ്യമായി 7000 കോടി കവിഞ്ഞ്, 7368 കോടി രൂപയിലെത്തി. സ്ഥാപനത്തിന്റെ നെറ്റ് വർത്ത് നടപ്പുവർഷത്തിൽ 1064 കോടി രൂപയിലെത്തി. “അറ്റാദായം 74.04 കോടി രൂപയായി വർധിപ്പിച്ചുകൊണ്ട് കെഎഫ്‌സി എക്കാലത്തെയും മികച്ച പ്രകടനം കൈവരിച്ചു എന്നത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കെഎഫ്‌സിക്കും അതിൻ്റെ ഉപഭോക്താക്കൾക്കും അയച്ച സന്ദേശത്തിൽ പറഞ്ഞു. വായ്‌പ്പാ ആസ്തി 7,000 കോടി രൂപ കവികുകയും അതോടൊപ്പം മൊത്തം നിഷ്‌ക്രിയ ആസ്തി 2.88% എന്ന കുറഞ്ഞ ശതമാനത്തിൽ എത്തി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി, സ്റ്റാർട്ടപ്പുകൾക്കുള്ള സംരംഭങ്ങൾ തുടങ്ങിയ പ്രത്യേക പദ്ധതികൾ കെഎഫ്‌സിയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചുവെന്നത് എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മൊത്തവരുമാനം കഴിഞ്ഞ വർഷത്തെ 694.37 കോടി രൂപയിൽ നിന്ന് 868.71 കോടി രൂപയായി ഉയർന്നു. കെഎഫ്‌സി എൻപിഎ ഫലപ്രദമായി കുറക്കുകയും ചെയ്തു . മൊത്ത എൻപിഎ കഴിഞ്ഞ വർഷത്തെ 3.11 ശതമാനത്തിൽ നിന്ന് 2.88 ശതമാനമായി കുറച്ചു. അറ്റ എൻപിഎ 0.74 ശതമാനത്തിൽ നിന്ന് 0.68 ശതമാനമായി കുറയുകയും ചെയ്‌തു. “കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി പതിനായിരം കോടിയിലേക്ക് ഉയര്‍ത്താനും രാജ്യത്തെ മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായി കെ എഫ് സിയെ മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 500 കോടി രൂപയായിരുന്ന കെ എഫ് സിയുടെ മൂലധനം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മുന്നൂറ് കോടി രൂപ അധികം നൽകി 800 കോടി രൂപയായി വർധിപ്പിക്കുകയുണ്ടായി. ചെറുകിട – ഇടത്തരം വ്യവസായികൾക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകുക എന്ന സർക്കാരിന്റെ നയമാണ് കെ എഫ് സി നടപ്പിലാക്കുന്നതെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

ഈ വർഷം, എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കും കെഎഫ്‌സി 3336.66 കോടി രൂപ വായ്പ അനുവദിച്ചു. മൊത്തം വായ്പ വിതരണം 4068.85 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് (CMEDP) കീഴിൽ 2648എംഎസ്എംഇ-കൾക്ക് 5ശതമാനം വാർഷിക പലിശ നിരക്കിൽ ഇതുവരെ മൊത്തം 726.66 കോടി രൂപ വായ്പ നൽകി. കെ എഫ് സി യുടെ ‘സ്റ്റാർട്ടപ്പ് കേരള’ സ്കീം വഴി 68 സ്റ്റാർട്ടപ്പുകൾക്ക് 72.53 കോടി രൂപ ഈടില്ലാതെ വായ്പ നൽകി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കും കെഎഫ്‌സി ഗണ്യമായ വായ്പകൾ അനുവദിച്ചു, ഇത് മേഖലയിലെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംഭാവന നൽകി. ഒരു ശതമാനത്തിൽ താഴെയുള്ള അറ്റ എൻപിഎ കെ എഫ് സി യുടെ ശക്തമായ അടിത്തറയെ സൂചിപ്പിക്കുന്നു. ചില വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് എൻപിഎ ശതമാനം മികച്ചതായതിനാൽ ഇത് ബാങ്കിങ് രംഗത്തെ മുൻനിര പ്രകടനമാണെന്ന് കെഎഫ്‌സിയുടെ സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു. കെ എഫ് സി യുടെ വായ്‌പ്പാ തിരിച്ചടവ് പ്രത്യേക റിക്കവറി ഡ്രൈവുകളിലൂടെ മെച്ചപ്പെടുത്തുകയും ചെയ്തു. മുൻവർഷത്തെ 2332 കോടി രൂപയിൽ നിന്ന് വായ്‌പ്പാ തിരിച്ചടവ് ഈ സാമ്പത്തിക വർഷം 3901 കോടി രൂപയായി വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *