ജിഎസ്ടി നിരക്ക് ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്ത കമ്പനികൾക്കെതിരെയുള്ള പരാതികൾ ഡിസംബർ 1 മുതൽ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്കു (എൻഎഎ) പകരം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പരിഗണിക്കും. അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ (നാഷനൽ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി) കാലാവധി ഈ മാസം അവസാനിക്കുന്നതിനാലാണിത്.
നിലവിൽ ഇത്തരം പരാതികൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ആന്റി പ്രോഫിറ്റീറിങ് (ഡിജിഎപി) അന്വേഷിച്ച് എൻഎഎയ്ക്ക് നൽകാറാണ് പതിവ്. ഇനി മുതൽ ഡിജിഎപി റിപ്പോർട്ടുകൾ സിസിഐയ്ക്ക് കൈമാറും. 2017 നവംബറിലാണ് എൻഎഎ നിലവിൽ വന്നത്. 2 വർഷത്തേക്കാണ് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 2 തവണയായി കാലാവധി നീട്ടുകയായിരുന്നു. ജിഎസ്ടി പരാതികൾക്കായി സിസിഐ പ്രത്യേക ക്രമീകരണം സജ്ജമാക്കും.