ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിൽ കർശന നടപടികളുമായി ഐആർഡിഎഐ

ചികിത്സ കഴിഞ്ഞ്, വീട്ടിലേക്ക് പോകാൻ ഡോക്ടർ അനുമതി നൽകിയിട്ടും ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റിന്റെ പേരിൽ ദീർഘസമയം ആശുപത്രിയിൽ തുടരേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഐആർഡിഎഐയുടെ പുതിയ സർക്കുലർ അനുസരിച്ച്, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് അപേക്ഷ ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ക്ലെയിം സെറ്റിൽമെന്റ് നടത്തണം. പോളിസി ഉടമയുടെ ക്ലെയിം സെറ്റിൽമെന്റിന് 3 മണിക്കൂറിൽ കൂടുതൽ സമയമെടുക്കുകയും ആശുപത്രി അധിക നിരക്ക് ഈടാക്കുകയും ചെയ്താൽ, അധിക തുക ഇൻഷുറൻസ് കമ്പനി നൽകണമെന്ന് ഐആർഡിഎഐ നിർദ്ദേശം നൽകി. കൂടാതെ പോളിസി ഉടമകളിൽ നിന്ന് ക്ലെയിം അഭ്യർത്ഥന ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനികൾക്ക് ക്യാഷ്ലസ് ചികിത്സ അനുവദിക്കേണ്ടിവരുമെന്നും ഐആർഡിഎഐ വ്യക്തമാക്കി .

ചികിത്സയ്ക്കിടെ പോളിസി ഉടമ മരിച്ചാൽ, ക്ലെയിം സെറ്റിൽമെന്റ് അപേക്ഷയിൽ ഇൻഷുറൻസ് കമ്പനി ഉടൻ നടപടിയെടുക്കണമെന്ന് ഐആർഡിഎഐ നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ, ക്യാഷ്ലസ് ചികിത്സയ്ക്കുള്ള അപേക്ഷയിൽ ഒരു മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കണം. ഒന്നിലധികം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉള്ള പോളിസി ഹോൾഡർമാർക്ക് ഏത് പോളിസിയുടെ കീഴിൽ ക്ലെയിം തുക ലഭ്യമാക്കണം എന്ന് തിരഞ്ഞെടുക്കാനും അവസരമുണ്ടായിരിക്കും. പോളിസി കാലയളവിൽ ക്ലെയിമുകൾ ഇല്ലെങ്കിൽ, ഉയർന്ന ഇൻഷുറൻസ് സം അഷ്വേർഡോ, പ്രീമിയം തുകയിൽ കിഴിവോ, നോ ക്ലെയിം ബോണസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനോ പോളിസി ഉടമകൾക്ക് നൽകാം.

പോളിസി ടേമിൽ എപ്പോൾ വേണമെങ്കിലും വ്യക്തിക്ക് തന്റെ പോളിസി റദ്ദാക്കാം. ശേഷിക്കുന്ന പോളിസി ടേമിന് ആ വ്യക്തിക്ക് റീഫണ്ട് ലഭിക്കും. ഇൻഷുറൻസ് ഓംബുഡ്സ്മാൻ ഉത്തരവുകൾ 30 ദിവസത്തിനകം നടപ്പാക്കിയില്ലെങ്കിൽ, പോളിസി ഉടമകൾക്ക് ഇൻഷുറൻസ് കമ്പനി പ്രതിദിനം 5,000 രൂപ നൽകേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *