കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ഇനി വിൽപനക്കരാറിന്റെ പകർപ്പുകൾ വേണം

ഫ്ലാറ്റുകൾ,വില്ലകൾ,അപ്പാർട്മെന്റുകൾ എന്നിവയുടെ റജിസ്ട്രേഷനു കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ(കെ–റെറ) പ്രമോട്ടർമാർ റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിനു പുറമേ വാങ്ങുന്നവരുമായി റജിസ്റ്റർ ചെയ്ത വിൽപനക്കരാർ ഉണ്ടെങ്കിൽ അതിന്റെ പകർപ്പുകളും നൽകണം. ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ ഇവ നൽകണമെന്നു നികുതി വകുപ്പ് പുതിയ ഉത്തരവിറക്കി. വിൽപനക്കരാർ നിർബന്ധമാക്കിയ ആദ്യ ഉത്തരവ് റദ്ദാക്കിയാണു റജിസ്റ്റർ ചെയ്ത വിൽപനക്കരാർ ഉണ്ടെങ്കിൽ എന്നു തിരുത്തി പുതിയ ഉത്തരവ്.
ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ കെട്ടിടത്തിന്റെ യഥാർഥ വിസ്തീർണം കാണിക്കാതെ മുദ്രപ്പത്ര വിലയിൽ വെട്ടിപ്പു നടത്തുന്നതായി കണ്ടെത്തിയതോടെയാണു പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്. ബിൽഡർ,ഡെവലപർ, വസ്തുവിന്റെ ഉടമസ്ഥർ എന്നിവർ നടത്തുന്ന വിൽപനയ്ക്കു മാത്രമാണ് ഇതു ബാധകം. പുനർ വിൽപനയ്ക്കു ബാധകമല്ലെന്നും ഉത്തരവിലുണ്ട്.

ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും നിർമിക്കുന്ന വസ്തുവിന്റെ വിസ്തീർണം 500 ചതുരശ്ര മീറ്ററിൽ(5300 ചതുരശ്ര അടി) കൂടുകയോ 8 യൂണിറ്റിൽ അധികരിക്കുകയോ ചെയ്താൽ കെ–റെറയിൽ റജിസ്റ്റർ ചെയ്യണമെന്നാണു നിയമം. റെറയിൽ റജിസ്റ്റർ ചെയ്യുമ്പോൾ പദ്ധതിയുടെ വിശദാംശങ്ങൾ, അംഗീകൃത പ്ലാൻ, വിൽപനക്കരാർ തുടങ്ങിയവ ഉൾപ്പെടുത്തണമെന്നാണു വ്യവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *