കേന്ദ്ര സർക്കാരിന്റെ ധന കമ്മി കുറയ്ക്കാൻ സഹായിക്കുന്ന രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക്. 2023–2024 സാമ്പത്തിക വർഷത്തിൽ 2.11 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലാഭവിഹിതം ലഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. ഇതു വഴി സർക്കാരിന് എക്കാലവും ഭീഷണിയായി നിലനിൽക്കുന്ന ധന കമ്മി വലിയ അളവിൽ കുറയ്ക്കാൻ വഴിയൊരുക്കുമെന്നും കണക്കാക്കുന്നു. 2022–2023ൽ 87,416 കോടി രൂപയാണ് ലാഭവിഹിതമായി നൽകിയത്.
2018–2019ലാണ് ഇതിന് മുൻപ് ഏറ്റവും ഉയർന്ന തോതിൽ ലാഭവിഹിതം നൽകിയത്. 1.76 ലക്ഷം കോടി രൂപ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ആർബിഐയുടെ 608ാമത് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് ഇത്രയും തുക ലാഭവിഹിതമായി നൽകാൻ തീരുമാനം കൈ കൊണ്ടത്.
നടപ്പു സാമ്പത്തിക വർഷം ധന കമ്മി 17.34 ലക്ഷം കോടി രൂപയിൽ (മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 5.1 ശതമാനം) പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന് ഒരു കൈ സഹായമാണ് ആർബിഐയിൽ നിന്ന് ഇപ്പോൾ കിട്ടുന്നത്.ബജറ്റിൽ ആർബിഐ ,പൊതു മേഖലാ ധനസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 1.02 ലക്ഷം കോടി രൂപ ലാഭവിഹിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ ഇരട്ടിയാണ് ഇപ്പോൾ ലഭിക്കുന്നത്.