ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആശങ്ക പ്രകടിപ്പിച്ചു. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വ്യാപാരം നടത്തുന്നത് ഗാർഹിക സമ്പാദ്യത്തെ നെഗറ്റീവായി ബാധിക്കാൻ ഇടയുണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു. “ഓഹരി വിപണി പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യുമ്പോൾ ചെറുകിട വ്യാപാരികൾക്ക് നഷ്ടമുണ്ടാകുകയും കുടുംബങ്ങളെ അത് ബാധിക്കുകയും ചെയ്യാം” എന്ന് അവർ ബോംബെ സ്റ്റോക് എക്സ്‌ചേഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പറഞ്ഞു.
പത്തിൽ ഒൻപത് ഡെറിവേറ്റീവ് വ്യാപാരികൾക്കും നഷ്ടമുണ്ടാകുന്നുവെന്ന കണക്കുകൾ എല്ലാ ദിവസവും ബ്രോക്കറേജ് ഹൗസുകൾ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുമ്പോൾ എഴുതി കാണിക്കുന്നുണ്ടെങ്കിൽ പോലും വീണ്ടും ഇതിലേക്ക് പണമൊഴുക്ക് തുടരുകയാണ്. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളോ വൻകിട നിക്ഷേപകരോ ഡെറിവേറ്റീവ് വ്യാപാരത്തിൽ നഷ്ടം വന്നാലും പിടിച്ചു നിൽക്കാൻ വേറെ വഴികൾ ഉണ്ടാകും.
എന്നാൽ ചെറുകിടക്കാർക്ക് സമ്പാദ്യം നഷ്ടപ്പെട്ടാൽ അത് രാജ്യത്തിന്റെ മൊത്തത്തിലുള്ള നിക്ഷേപ ശീലങ്ങളെ ബാധിക്കും എന്നതാണ് സർക്കാരിന്റെ ആശങ്ക.90 ശതമാനം ഡെറിവേറ്റീവ് വ്യാപാരികൾക്കും നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും, പോസ്റ്റ് ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും വരാനുള്ള പണം പോലും വീണ്ടും ഓഹരികളിൽ എത്തുന്നതും സർക്കാരിന് ആശങ്കയാണ്.