ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല. മൈനിങ്ങിന് അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. ക്രിപ്റ്റോ മൈനിങ് നടക്കുന്നയിടങ്ങൾ കണ്ടെത്തി അവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച അരഗ്വ സംസ്ഥാനത്തെ 2000 ക്രിപ്റ്റോ ഖനന സ്ഥാപനങ്ങൾ അധികൃതർ റെയ്ഡ് ചെയ്തിരുന്നു.
മൈനിങ് ഉപകരണങ്ങളും പിടിച്ചെടുത്തു.
മൈനിങ്ങിന് വൻതോതിൽ വൈദ്യുതി ആവശ്യമായതിനാൽ ക്രിപ്റ്റോകറൻസി ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നത് വർധിപ്പിക്കുമെന്ന വിമർശനം ലോകമാകെയുണ്ട്. ക്രിപ്റ്റോ മൈനിങ്ങിനായി ലോകമാകെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ഏകദേശം പ്രതിവർഷം 12000–24000 കോടി കിലോവാട്ട് ആണ്. ലോകത്തിലെ എല്ലാ ഡേറ്റാ സെന്ററുകളുടെയും സംയോജിത വൈദ്യുതി ഉപയോഗത്തേക്കാൾ കൂടുതലാണിത്.
വർഷങ്ങളായി കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന രാജ്യമാണ് വെനസ്വേല.ഇതിനെതിരെ പ്രക്ഷോഭങ്ങളും സമരങ്ങളും പതിവാണ്. ചൈന, ഇറാൻ, കൊസവോ എന്നീ രാജ്യങ്ങളും നേരത്തേ ക്രിപ്റ്റോ മൈനിങ് നിരോധിച്ചിട്ടുണ്ട്.