10,000 കോടി രൂപ വരെ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി സമാഹരിക്കാൻ എസ്ബിഐ

ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്ത് ധനസമാഹരണം നടത്താൻ ഒരുങ്ങി  രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 10,000 കോടി രൂപ വരെ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി സമാഹരിക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഇതിൽ 5,000 കോടി രൂപയുടെ ഗ്രീൻഷൂ ഓപ്ഷനും ഉൾപ്പെടുമെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.  

ധനസമാഹരണം പരിഗണിക്കുന്നതിനായി സെൻട്രൽ ബോർഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി നവംബർ 29 ന് യോഗം ചേരും. അതേസമയം, ധനസമാഹരണം, അംഗീകരിക്കപ്പെട്ടാൽ, 2023 സാമ്പത്തിക വർഷത്തിൽ ഒരു പബ്ലിക് ഇഷ്യൂ അല്ലെങ്കിൽ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴിയായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

സെപ്തംബർ പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം,  നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള വഴികൾ തേടുകയാണ് എസ്ബിഐ. നടപ്പ് സാമ്പത്തിക വർഷത്തിൽ 14 ശതമാനം മുതൽ 16  ശതമാനം വരെ വായ്പാ വളർച്ചയാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്. ബാങ്കിന് 2.5 ലക്ഷം കോടി രൂപയുടെ ടേം ലോൺ കൂടി ഉണ്ടെന്നും എല്ലാ മേഖലകളിൽ നിന്നും വളർച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. 

ജൂൺ-സെപ്റ്റംബർ പാദത്തിൽ വായ്പ നൽകുന്നയാളുടെ അറ്റ ​​നിഷ്‌ക്രിയ ആസ്തി (എൻപിഎ) അനുപാതം 0.8 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങൾ ഇനിയും കുറക്കാനും അനുപാതം ഒരു ശതമാനത്തിൽ  താഴെ നിലനിർത്താനും ശ്രമിക്കുമെന്ന് എസ്ബിഐ ചെയർമാൻ പറഞ്ഞു.

വർദ്ധിച്ചുവരുന്ന  വായ്പാ ആവശ്യകത  നേരിടാനും കുറഞ്ഞ നിരക്കിൽ ഫണ്ട് ലോക്ക് ഇൻ ചെയ്യാനും ഇന്ത്യൻ ബാങ്കുകൾ അടുത്ത കുറച്ച് മാസങ്ങളിൽ ധനസമാഹരണം തുടരുമെന്ന് വിശകലന വിദഗ്ധർ നേരത്തെ പറഞ്ഞിരുന്നു. ആർബിഐയുടെ കണക്കുകൾ പ്രകാരം നവംബർ 4 ന് അവസാനിച്ച 14 ദിവസങ്ങളിൽ ഇന്ത്യൻ ബാങ്കുകളുടെ വായ്പാ വളർച്ച 17 ശതമാനം ആയിരുന്നു. നിക്ഷേപ വളർച്ച 8.25 ശതമാനമാണ്. 

Leave a Reply

Your email address will not be published. Required fields are marked *