ഇറാനിലെ ഛാബഹാർ ഷാഹിദ്– ബെഹെസ്തി തുറമുഖത്തിന്റെ നിയന്ത്രണം അടുത്ത 10 വർഷത്തേക്ക് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനു കൈമാറാനുള്ള കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു.
ടെഹ്റാനിൽ തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന്റെയും ഇറാൻ ഗതാഗത മന്ത്രി മഹർഷാദ് ബസ്‍ർപ്രാഷിന്റെയും സാന്നിധ്യത്തിൽ ഇന്ത്യ പോർട്സ് ഗ്ലോബലും ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനുമാണ് കരാറിൽ ഒപ്പിട്ടത്. ഇതാദ്യമായാണ് ഇന്ത്യ ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. മേഖലയിലെ ചരക്കു ഗതാഗതത്തിൽ മേൽക്കൈ നേടുന്നതോടൊപ്പം പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിനും ചൈനയുടെ വാണിജ്യ ചരക്ക് ഇടനാഴിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനും ഈ നീക്കം ബദലാകും എന്നാണ് കരുതുന്നത്.
മധ്യേഷ്യയിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള ചരക്കു ഗതാഗതത്തിൽ പാക്കിസ്ഥാനെയും ചൈനയേയും മറികടന്ന് ഇന്ത്യയ്ക്ക് മേൽക്കൈ നേടാൻ ഇതു വഴിയൊരുക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യ–ഇറാൻ–അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ തുറമുഖ ഹബ്ബായി ഛാബഹാർ മാറും. തുറമുഖത്തെ കണ്ടെയ്നർ, മൾട്ടി പർപ്പസ് ടെർമിനലുകളുടെ നിയന്ത്രണം ഇന്ത്യയ്ക്കായിരിക്കും. തുറമുഖത്തേക്ക് സഹൈദാനിൽ നിന്നുള്ള 630 കിലോമീറ്റർ റെയിൽ-റോഡ് സംവിധാനവും ഇന്ത്യ നിർമിക്കും.ഇന്ത്യ പോർട്സ് ഗ്ലോബൽ ഛാബഹാർ ഫ്രീ സോൺ എന്ന ഉപസ്ഥാപനം മുഖേനയാണ് തുറമുഖം കൈകാര്യം ചെയ്യുന്നത്. ഹാർബർ ക്രെയിനുകളടക്കം എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ത്യ ഒരുക്കും
വലിയ ഇന്ധന നിക്ഷേപമുള്ള ഇറാന്റെ ദക്ഷിണ തീരത്തെ സിസ്താൻ–ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ഛാബഹാർ. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമീനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള 7200 കിലോമീറ്റർ വിവിധ തല ഗതാഗത പദ്ധതിയായ രാജ്യാന്തര വടക്ക്–തെക്ക് ഗതാഗത ഇടനാഴി (ഐഎൻഎസ്ടിസി)യുടെ മുഖ്യഘടകമായാണ് ഛാബഹാറിനെ ഇന്ത്യ വിലയിരുത്തുന്നത്.