ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ഇന്ത്യൻ വിപണി പിന്നീട് മികച്ച വിലകളിൽ വാങ്ങൽ വന്നതിനെത്തുടർന്ന് തിരിച്ചുകയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന പിന്തുണമേഖലയായ 21800 പോയിന്റിന് തൊട്ടടുത്ത നിന്നും തിരിച്ചുകയറിയ നിഫ്റ്റി ഇന്ന് 48 പോയിന്റ് നേട്ടത്തിൽ 22104 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്ത്യയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് വല്ലാതെ മുന്നേറി 2022 ഒക്ടോബറിലെ നിലയിലേക്കെത്തിയതും വിപണിക്ക് ക്ഷീണമാണ്.
ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയ എച്ച്ഡിഎഫ്സി ബാങ്കും, ടിസിഎസ്സും, അത്രതന്നെ നഷ്ടത്തിൽ നിന്നും തിരിച്ചു കയറിയ റിലയൻസും തന്നെയാണ് ഇന്ത്യൻ വിപണിയുടെ ഇന്നത്തെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത്. ഓട്ടോയും, പൊതു മേഖല ബാങ്കിങ് സെക്ടറും, നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും മാത്രമാണ് ഇന്ന് നഷ്ടത്തിൽ ക്ളോസ് ചെയ്ത സെക്ടറുകൾ.